തിരുവനന്തപുരം | സുപ്രീം കോടതിക്കെതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വൈസ് ചാന്‍സലറെ കോടതി നിയമിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വി സി നിയമനം സേര്‍ച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.വി സി യെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. മറ്റുള്ളവരുടെ ചുമതലകള്‍ കോടതി ഏറ്റെടുക്കരുത്. യു ജി സി ചട്ടവും കണ്ണൂര്‍ വി സി കേസിലെ കോടതി വിധിയും ഇത് വ്യക്തമാക്കുന്നതാണ്. എന്നാല്‍, ഇപ്പോള്‍ കോടതി ഇത് പരിഗണിക്കുന്നില്ല.ഭരണഘടന ഭേദഗതി ചെയ്യാനും കോടതികള്‍ക്ക് അധികാരമില്ല. അത്തരം സംഭവങ്ങളും ഈയിടെ ഉണ്ടായി. നിയമനിര്‍മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് കോടതികള്‍ക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്‌നം. എന്തിനാണ് സേര്‍ച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. നിയമം പാലിക്കാന്‍ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.