തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നു; കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Wait 5 sec.

തിരുവനന്തപുരം | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് ഗാന്ധിജി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിര്‍വീര്യമാക്കാനാണ് യകേന്ദ്ര സര്‍ക്കാര്‍ ശ്രമം. സംസ്ഥാനങ്ങള്‍ക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.കുറിപ്പിന്റെ പൂര്‍ണരൂപം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എസ് ) യുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണ്.വിബി ജി റാം ജി അഥവാ വികസിത് ഭാരത് ഗ്വാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) എന്നാണ് യൂണിയന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രൂപം കൊടുത്ത ബില്ലിലൂടെ കേവലം പേരുമാറ്റം മാത്രമല്ല ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. ആവശ്യാധിഷ്ഠിത (ഡിമാന്റ്-ഡ്രിവണ്‍)പദ്ധതിയില്‍ നിന്ന് വിഹിതം അടിസ്ഥാനമാക്കിയപദ്ധതിയായി (അലോക്കേഷന്‍ ബേസ്ഡ്) തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട. തൊഴില്‍ രഹിതര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന. അതില്‍നിന്ന് ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം യൂണിയന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്. നിലവില്‍ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയന്‍ സര്‍ക്കാര്‍ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകള്‍ 75:25 എന്ന അനുപാതത്തില്‍ യൂണിയന്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പങ്കിടുന്ന നിലയും ആയിരുന്നു.ഈ രണ്ട് ഘടകങ്ങളും 60:40 എന്ന അനുപാതത്തില്‍ യൂണിയന്‍ സര്‍ക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇപ്പോള്‍ രൂപം കൊടുത്ത ബില്ല് നിയമമാവുന്നതോടെ കേരളത്തിനുള്ള യൂണിയന്‍ ബജറ്റ് വിഹിതത്തില്‍ വലിയ കുറവാണുണ്ടാവുക. മൊത്തം ചെലവിന്റെ 60 ശതമാനം മാത്രം യൂണിയന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നിലയുമുണ്ടാകും. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിര്‍വീര്യമാക്കാനാണ് യൂനിയന്‍ സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനങ്ങള്‍ക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തില്‍ നിന്ന് യൂണിയന്‍ സര്‍ക്കാര്‍ പിന്‍വാങ്ങണം.