ശ്രീനഗര്‍ | പഹല്‍ഗാം ഭീകരാക്രമണ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. പാക് പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. സേന വധിച്ച മൂന്ന് പാക് ഭീകരരാണ് കേസിലെ പ്രധാന പ്രതികള്‍. തദ്ദേശീയരായ മൂന്നുപേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിനോദസഞ്ചാരികളും ഭീകരരെ തടയാന്‍ ശ്രമിച്ച നാട്ടുകാരനുമടക്കം 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ ആകെ ഏഴു പ്രതികളാണുള്ളത്. പാക് ഭീകരരായ സുലൈമാന്‍ ഷാ, ഹംസ, ജിബ്രാന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. പാക് ഭീകരന്‍ സാജിദ് ജാട്ട് ആണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഭീകരര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുത്ത തദ്ദേശീയരായ ബഷീര്‍ അഹമ്മദ് ജോഥാര്‍, പര്‍വേശ് അഹമ്മദ് ജോഥാര്‍, മുഹമ്മദ് യൂസഫ് കഠാരി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.പാക് ഭീകരസംഘടനയായ ലശ്കറെ ത്വയിബയും നിഴല്‍സംഘടനയായ ദ് റസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 1,500 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് നാല് ദിവസം യുദ്ധസമാനമായ സംഘര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായത്. പഹല്‍ഗാമില്‍ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രനും ഉള്‍പ്പെടും