പത്തനംതിട്ട | നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാവാന്‍ നടന്‍ ദിലീപ് പ്രാര്‍ഥന നടത്തിയതിലൂടെ പ്രശസ്തമായ ജഡ്ജിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തി ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. ഇന്ന് വൈകിട്ടാണ് രാഹുല്‍ പൊന്‍കുന്നം ചെറുവള്ളിയിലെ ഈ ദേവീക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.കോടതി വ്യവഹരങ്ങളില്‍പെടുന്നവര്‍ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രം എന്ന നിലയിലാണ് ഈ ആരാധാനാലയം അറിയപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവില്‍ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദത്തില്‍ ശ്രീശാന്തും ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിള്‍ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേള്‍ക്കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ജനുവരി ആദ്യവാരം പരിഗണിക്കുന്നതിന് മാറ്റിവെച്ചത്.ബെംഗളൂരു സ്വദേശിനിയായ മലയാളിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലാണ് രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെ ആദ്യ ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് മാറ്റിവെച്ചു. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റുചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും.