മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു; സത്യപ്രതിജ്ഞ 21ന്; മാര്‍ഗ നിര്‍ദേശങ്ങളുമായി കമ്മീഷൻ

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം പിന്‍വലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് മൂന്ന് വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പത്ത് മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവില്‍ വന്നത്.അതേസമയം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഈ മാസം 21ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്.കോര്‍പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21ന് രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിക്കണം.