ഇരുന്നൂറിലധികം പ്രസാധകരും 250ലേറെ സ്റ്റാളും: അറിവിൻ്റെ ജനാധിപത്യം ആഘോഷമാക്കാന്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പെത്തുന്നു

Wait 5 sec.

രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി‍ 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പില്‍ തയ്യാറാകുന്നത്.തസ്ലിമ നസ്രിന്‍, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടിള്‍ പുസ്തകോത്സവത്തെ സമ്പന്നമാക്കുന്നു.ALSO READ: രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോര്‍ണറില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകള്‍, മാജിക് ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവ സ്റ്റുഡന്റ് കോര്‍ണര്‍ വേദിയെ ആകര്‍ഷകമാക്കുന്നു. പ്രസാധകര്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളില്‍വച്ച് നടക്കും.ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും. പുസ്തകോത്സവരാവുകളെ വര്‍ണ്ണാഭമാക്കുന്ന മെഗാഷോകള്‍, കേരളത്തിന്റെ രുചിവൈവിധ്യമറിയാന്‍ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാന്‍ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ തലസ്ഥാനനഗരിയുടെ ആഘോഷമാക്കി മാറ്റുന്നു. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങള്‍ക്കായി കേരള നിയമസഭ ഒരുങ്ങുന്നു.The post ഇരുന്നൂറിലധികം പ്രസാധകരും 250ലേറെ സ്റ്റാളും: അറിവിൻ്റെ ജനാധിപത്യം ആഘോഷമാക്കാന്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പെത്തുന്നു appeared first on Kairali News | Kairali News Live.