തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയെ വെട്ടി; പേര് മാറ്റി കേന്ദ്രം, പ്രതിപക്ഷ പ്രതിഷേധം

Wait 5 sec.

ന്യൂഡൽഹി | രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം. നിലവിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA)ക്ക് പകരം പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ദ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ വി ബി ജി രാം ജി (VB G RAM G) എന്നാണ് പുതിയ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.പാർലമെന്റിന്റെ നടപ്പു ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കിയെടുക്കാൻ ബി ജെ പി എം പിമാർക്ക് വിപ്പ് നൽകുകയും സഭയിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ‘വികസിത് ഭാരത് 2047’ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പുതിയ ചട്ടക്കൂടാണ് ബിൽ മുന്നോട്ട് വെക്കുന്നതെന്നാണ് സർക്കാർ വാദം.നിലവിലെ 100 ദിവസത്തെ തൊഴിൽ ഉറപ്പ് 125 ദിവസമായി ഉയർത്താൻ പുതിയ ബിൽ നിർദേശിക്കുന്നു. ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ 15 ദിവസത്തിനുള്ളിലോ വേതനം നൽകണം. സമയപരിധിക്കുള്ളിൽ പേയ്‌മെന്റ് നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകാനും വ്യവസ്ഥയുണ്ട്. ജല സുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, ഉപജീവന സൗകര്യ വികസനം, ദുരന്ത നിവാരണ ശേഷി എന്നീ നാല് വിഭാഗങ്ങളാക്കി പദ്ധതി പ്രകാരമുള്ള ജോലികൾ തിരിക്കും. കാർഷിക കാലയളവിൽ ഈ ജോലികൾ ഉണ്ടാകില്ല.സുതാര്യത ഉറപ്പാക്കാൻ ബയോമെട്രിക്, ജിയോ ടാഗിങ് സംവിധാനങ്ങൾ ഉപയോഗിക്കും. പരാതി പരിഹാര സംവിധാനവും ഒരുക്കും. എം ജി എൻ ആർ ഇ ജി എ യിൽ വിദഗ്ധരല്ലാത്ത തൊഴിലാളികളുടെ വേതനം 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. പുതിയ ജി രാം ജി പദ്ധതി പ്രകാരം, കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും 60:40 അനുപാതത്തിൽ ചെലവ് പങ്കിടും. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത് 90:10 ആയിരിക്കും. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം വഹിക്കും. പുതിയ പദ്ധതിക്ക് വേണ്ടി പ്രതിവർഷം 1.51 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 95,692 കോടി രൂപ കേന്ദ്രം വഹിക്കും.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നത് എന്തിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ പ്രിയങ്കാ ഗാന്ധി ചോദ്യം ചോദിച്ചു.“മഹാത്മാ ഗാന്ധിയുടെ പേര് എന്തിനാണ് മാറ്റുന്നത്? അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നേതാവായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. ഇത്തരം പേര് മാറ്റങ്ങൾ നടത്തുമ്പോൾ സ്റ്റേഷനറിക്കും പേപ്പർ വർക്കുകൾക്കുമായി വലിയ ചെലവുകൾ ഉണ്ടാകും. ഇതിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പാർലമെന്റ് പ്രവർത്തിക്കുന്നില്ല. പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല; സമയവും പൊതുപണവും പാഴാക്കുകയാണ്” – പ്രിയങ്ക പറഞ്ഞു.ബി ജെ പിക്ക് മുൻപ് ജവഹർലാൽ നെഹ്രുവിനോടും ഇന്ദിരാ ഗാന്ധിയോടും ആയിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ അവർക്ക് ബാപ്പുവിനോടാണ് പ്രശ്നമെന്ന് കോൺഗ്രസ് എം പി രഞ്ജീത് രഞ്ജൻ അഭിപ്രായപ്പെട്ടു. എം ജി എൻ ആർ ഇ ജി എ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണമെന്നും 100 ദിവസം എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പകരം പേര് മാറ്റുന്നതിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാണക്കേടാണെന്നും രഞ്ജീത് രഞ്ജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.