സ്വതന്ത്ര ഫലസ്തീൻ സാധ്യമാകും: അബ്ദുല്ല മുഹമ്മദ് അബൂ ശാവേശ്

Wait 5 sec.

കോഴിക്കോട് | ഇസ്‌റാഈലിനു മേൽ ഫലസ്തീൻ ആത്യന്തിക വിജയം നേടുമെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ശാവേഷ്.സ്വതന്ത്ര ഫലസ്തീൻ സാധ്യമാകും. വെടിനിർത്തൽ ലംഘിച്ച് അമേരിക്കയുടെ പിന്തുണയുള്ള ഇസ്‌റാഈൽ വംശഹത്യ തുടരുകയാണെന്നും സിറാജിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അത്യന്താധുനിക ആക്രമണ ആയുധങ്ങളുമായാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പിന്തുണക്കുന്ന ഇസ്‌റാഈൽ ചെറിയ രാജ്യത്തെ ആക്രമിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര മാധ്യമങ്ങൾ ഗസ്സയിൽ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ല മുഹമ്മദ് അബൂ ശാവേശുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഗസ്സയിലെ സ്ഥിതിഗതികൾ എന്താണ്?സീസ്ഫയർ(വെടിനിർത്തൽ) എന്നത് “സീസ് ഫയർ’ എന്ന നിലക്കാണ് ഇസ്‌റാഈൽ പ്രവർത്തിക്കുന്നത്. ഇതാണ് അവസ്ഥ. യഥാർഥത്തിൽ വെടിനിർത്തൽ ഗസ്സയിൽ നിലവിലില്ല. വെടിനിർത്തലിന് ശേഷവും ഗസ്സയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. നിരവധി തവണ ഇസ്‌റാഈൽ വെടിനിർത്തൽ ലംഘിച്ചു. ഇതിന് ശേഷം 500 പേർ കൊല്ലപ്പെട്ടു. ഓരോ ദിവസവും കൊലപാതക സംഭവങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്.ഇസ്‌റാഈൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ 95 ശതമാനം പേരും വഴിയാധാരമായി. 70,000 സ്ത്രീകൾ നിരാലംബരായി. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഓരോ ദിവസവും കൊല്ലപ്പെടുന്നത്. ജീവിച്ചിരിക്കുന്ന നിരവധി പേർക്ക് കൈയും കാലും ഉൾപ്പെടെയുള്ള അവയവങ്ങൾ നഷ്ടപ്പെട്ടു. യു എൻ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്നുണ്ടെങ്കിലും ഇവ പര്യാപ്തമല്ല.ഈ വംശഹത്യക്ക് അറുതിയുണ്ടാകുമെന്ന് കരുതുന്നുണ്ടോ?ഫലസ്തീൻ ജനതക്കെതിരായ വംശഹത്യക്ക് വലിയ ചരിത്രമാണുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ചരിത്രം തുടങ്ങുന്നത്. അന്ന് തുടങ്ങിയ വംശഹത്യ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ഹമാസ്, ഫതഹ്, ഫലസ്തീൻ അതോറിറ്റി എന്നിവക്കിടയിൽ ഐക്യം സാധ്യമാണോ?ഈ സംഘടനകൾക്കിടയിലെ ഐക്യം സാധ്യമാക്കുക എന്നത് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്. ഇതിനായി ഫലസ്തീൻ അതോറിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരിശ്രമങ്ങൾ തുടരുന്നുണ്ട്. അത് യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്. അവിടെയുള്ള രാഷ്ട്രീയ സംഘടനകളെ മുഖവിലക്കെടുത്ത് വേണം ഇത് പ്രാവർത്തികമാക്കാൻ. വളരെ വൈകാതെ തന്നെ അതിൽ വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫലസ്തീനിൽ പുനരധിവാസം എങ്ങനെ നടപ്പാക്കാൻ കഴിയും?ഫലസ്തീനിൽ പുനരധിവാസത്തിനല്ല, പുനർനിർമാണത്തിനാണ് പ്രാമുഖ്യം നൽകുന്നത്. അത് ദുഷ്‌കരമായ, ദീർഘകാലം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളാണ്. ഇതിനായി ആറോ, ഏഴോ ബില്യൺ ഡോളറിന്റെ സഹായം ആവശ്യമായി വരും. ഫലസ്തീൻ പുനർനിർമാണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെയും സംഘടനകളുടെയും സഹായം ആവശ്യമാണ്.ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ അവിടെ നിലവിലുണ്ടോ?ആശുപത്രികളും സർവകലാശാലകളും ഇസ്‌റാഈൽ ബോംബിട്ട് തകർത്തു. അടിസ്ഥാനപരമായി ഫലസ്തീനിൽ ജനജീവിതം താറുമാറായിക്കിടക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 70,000 പേരാണ് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. ഗർഭിണികൾക്കും രോഗികൾക്കും കൃത്യമായ ചികിത്സ നൽകാൻ സാധിക്കുന്നില്ല. ഗുരുതരമായ പ്രതിസന്ധിയാണ് ഈ മേഖലകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.വ്യക്തിപരമായി താങ്കളും ഒരു അഭയാർഥിയാണല്ലോ, ഈ പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര ഡിപ്ലോമാറ്റ് എന്ന നിലയിലേക്ക് താങ്കൾ ഉയർന്നുവന്നത് എങ്ങനെയാണ്?അതേ, ഗസ്സയിൽ നിന്ന് നിരവധി പേർ നല്ല വിദ്യാഭ്യാസം നേടി ഉയർന്ന മേഖലകളിൽ എത്തിപ്പെട്ടിട്ടുണ്ട്. നാസയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരുണ്ട്. മികച്ച വിദ്യാഭ്യാസ സംവിധാനമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അഭയാർഥി ക്യാമ്പുകളിൽ നിന്ന് പരിമിതികൾക്കിടയിൽ നിന്ന് പഠിച്ചാണ് ഞാൻ ഇന്ന് ഇവിടെയെത്തിയത്.ഞാൻ മാത്രമല്ല, എന്നെ പോലെ നിരവധി ഫലസ്തീനികൾ ലോകത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്. കഠിന പ്രതിസന്ധികൾ അനുഭവിക്കുമ്പോൾ പഠിക്കാനുള്ള ഇച്ഛാശക്തിയാണ് ഇത് വെളിപ്പെടുത്തുന്നത്.ആക്രമണങ്ങളെ തുടർന്ന് മാനസിക പ്രയാസമനുഭവിക്കുന്ന ആയിരക്കണക്കിന് കുട്ടികൾ അവിടെയുണ്ടല്ലോ?കുട്ടികൾ മാത്രമല്ല, ഗസ്സയിലെ 100 ശതമാനം പേരും പല തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. ഗസ്സയിലെ 90 ശതമാനത്തിലധികം കുട്ടികളും സുരക്ഷയും സ്ഥിരതയും നഷ്ടപ്പെടുന്നതുമൂലം കടുത്ത സമ്മർദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും സംഘർഷത്തിന്റെ മാനസിക പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തി നേടാൻ ദീർഘകാല പിന്തുണ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.ഫലസ്തീന്റെ ഭാവിയെകുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?ഓരോ ദിവസവും പുതിയ ആക്രമണങ്ങളാണ് ഫലസ്തീൻ ജനത അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഒടുവിൽ ഫലസ്തീൻ ജനത ഇസ്‌റാഈലിന് മേൽ ആത്യന്തിക വിജയം നേടുമെന്നാണ് എന്റെ പ്രതീക്ഷ.അന്താരാഷ്ട്ര സമൂഹത്തിനും യു എന്നിനും ഫലസ്തീനു വേണ്ടി എന്തൊക്കെയാണ് ചെയ്യാനുള്ളത്?യു എൻ പല കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. യു എൻ ഗസ്സയിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ തടയുന്നു. പല അന്താരാഷ്ട്ര സമൂഹങ്ങളും നിസ്സഹായരാണ്.എന്നാൽ, അമേരിക്കയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല. നയതന്ത്ര തലത്തിൽ ഫലസ്തീനെ സഹായിക്കാൻ രാജ്യങ്ങൾ മുന്നോട്ട് വരികയാണ് വേണ്ടത്.ഇന്ത്യൻ നിലപാടിനെ എങ്ങനെ കാണുന്നു?ഇന്ത്യ എക്കാലവും ഫലസ്തീനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിൽ സ്ഥിരതയുണ്ടെന്നാണ് കരുതുന്നത്.ഇന്ത്യയുടെ ചരിത്രമെടുത്ത് നോക്കിയാൽ ഫലസ്തീനോടുള്ള നിലപാട് വ്യക്തമായി കാണാൻ കഴിയും.