ദുബൈ | കുട്ടികളുടെ സംരക്ഷണ ചുമതലകള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രാബല്യത്തില്‍ വന്നതായി നിയമവിദഗ്ധര്‍ അറിയിച്ചു. കുട്ടികളുടെ പരിചരണം, വളര്‍ത്തല്‍ എന്നിവ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും സുരക്ഷാ സംവിധാനങ്ങളും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയില്‍ താമസിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. കുട്ടികളുടെ മികച്ച താത്പര്യങ്ങള്‍ക്കാണ് നിയമം മുന്‍ഗണന നല്‍കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക പിന്തുണ, സ്വകാര്യത എന്നിവ ഉറപ്പാക്കാന്‍ സംരക്ഷകര്‍ക്ക് ബാധ്യതയുണ്ട്. പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സമിതിയുടെ നിരീക്ഷണമുണ്ടാകും. വ്യവസ്ഥകള്‍ ലംഘിക്കുകയോ നിയമപരമായ ബാധ്യതകള്‍ നിറവേറ്റാതിരിക്കുകയോ ചെയ്താല്‍ കുട്ടിയെ തിരികെ എടുക്കാന്‍ നിയമം അനുവദിക്കുന്നു. 2025ലെ ഫെഡറല്‍ ഡിക്രി നിയമം 12 പ്രകാരമാണ് രാജ്യത്തെ കുട്ടികളുടെ സംരക്ഷണ നിയമം ശക്തിപ്പെടുത്തിയത്. കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.യു എ ഇയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാം. ഇതിനായി ഭാര്യാഭര്‍ത്താക്കന്മാര്‍ സംയുക്തമായി അപേക്ഷ നല്‍കണം. ഇരുവര്‍ക്കും 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. താമസ സൗകര്യം, സംരക്ഷണ മാനദണ്ഡങ്ങള്‍ എന്നിവ എക്സിക്യൂട്ടീവ് റെഗുലേഷനില്‍ വ്യക്തമാക്കും. യു എ ഇയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ അനുമതിയുണ്ട്. അപേക്ഷകര്‍ക്ക് 30 വയസ്സ് പൂര്‍ത്തിയാകുകയും കുട്ടിയെ വളര്‍ത്താന്‍ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടാകുകയും വേണം.