ദുബൈ | ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം യു എ ഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമായിരിക്കും. ഇന്ന് (ഞായര്‍) കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്ത് മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ദുബൈ പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വേഗത കുറക്കുകയും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും വേണം. ഡ്രൈവിങിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കണം.വെള്ളക്കെട്ടുകളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം. ബോട്ടുകള്‍, കപ്പലുകള്‍ എന്നിവയുടെ ഉടമകള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം. മലയോര മേഖലകളിലും താഴ്‌വരകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ നേരിടാന്‍ പോലീസ് സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും അല്ലാത്തവക്ക് 901 എന്ന നമ്പറിലും വിളിക്കാം.അജ്മാനിലെ ക്രമീകരണങ്ങള്‍മഴക്കാലത്തെ നേരിടാന്‍ അജ്മാന്‍ മുന്‍സിപ്പാലിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എമിറേറ്റിലെ 72 സ്ഥലങ്ങളില്‍ മൊബൈല്‍ പമ്പുകള്‍ സ്ഥാപിച്ചു. 28 പമ്പിങ് സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 81.65 കിലോമീറ്ററാണ് അജ്മാനിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നീളം. അല്‍ ഹാജിന്‍ സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, അല്‍ സലാം സ്ട്രീറ്റ്, ശൈഖ് റാശിദ് ബിന്‍ സഈദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ റോഡ് വികസന പദ്ധതികളും ഡ്രെയിനേജ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫീല്‍ഡ് ടീമുകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.