തായ്ലൻഡിൽ നിന്നുള്ള ഒരു അസാധാരണ ചലച്ചിത്രാനുഭവമാണ് രച്ചപൂം ബൂൺബഞ്ചാചോക്ക് സംവിധാനം ചെയ്ത ‘എ യൂസ്ഫുൾ ഗോസ്റ്റ്’. സാധാരണ പ്രേത സിനിമകളെ പോലെ പ്രേക്ഷകനെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ ഈ ചിത്രം നടത്തുന്നില്ല. പകരം, പ്രേതത്തെ പ്രതീകാത്മകമായി ഉപയോഗിച്ച്, രസകരമായി, പ്രസക്തമായ ഒരു ആശയം പറയാനാണ് സിനിമ ശ്രമിക്കുന്നത്.നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, ഒറ്റപ്പെട്ട ഒരിടത്ത്, തൻ്റേതായ ലോകത്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അവന്റെ ഏകാന്തതയിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നുവരുന്നിടത്ത് ചിത്രം വഴിമാറുന്നു. തുടർന്ന് വിഭാര്യനായ മാർച്ചും, വാക്വം ക്ലീനറിൽ പ്രേതമായി കുടികൊള്ളുന്ന അയാളുടെ ഭാര്യ നാറ്റും സിനിമയുടെ ഭാഗമാകുന്നു. ഇത്തരത്തിൽ തികച്ചും അസാധാരണമായ പ്രേതസാന്നിധ്യമാണ് സിനിമയിൽ കാണാൻ കഴിയുക. പരമ്പരാഗതമായ കഥപറച്ചിലിന് പകരം പ്രേക്ഷകരുടെ വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്ന രീതിയാണ് സിനിമ സ്വീകരിക്കുന്നത്.വളരെ സാവധാനത്തിലുള്ള കഥപറച്ചിലിൽ മൗനത്തിനു പോലും പ്രാധാന്യമുണ്ട്. പ്രേതത്തെ ഒരു പ്രതീകമായി ഉപയോഗിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഭയപ്പെടുത്തുന്ന രംഗങ്ങൾ ഇല്ലാതെ മങ്ങിയ ഫ്രെയ്മുകളിൽ നിത്യജീവിതത്തിലെ ദൃശ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.2010-കളിലെ രാഷ്ട്രീയ അതിക്രമങ്ങളെയും കൂട്ടക്കൊലകളെയും ചിത്രം പതുക്കെ ഓർമ്മിപ്പിക്കുന്നു. പ്രേതം സാന്നിധ്യമല്ല, അത് ചരിത്രം തന്നെയാണ് എന്ന് പ്രേക്ഷകർ തിരിച്ചറിയുന്നു. അധികാരികൾ മനഃപൂർവം ജനങ്ങളുടെ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിക്കുമ്പോഴും, പരിഹരിക്കപ്പെടാത്ത ഓർമ്മകളായി ഈ സംഭവങ്ങൾ നിലനിൽക്കുകയാണ്. പ്രേതങ്ങൾ ഈ ഓർമ്മകളുടെ പ്രതീകങ്ങളാണ്.ഓർമ്മകൾ മങ്ങിപ്പോകുന്നു, തിരിച്ചുവരുന്നു, വീണ്ടും അപ്രത്യക്ഷമാകുന്നു, അപ്രതീക്ഷിതമായി വീണ്ടും തലപൊക്കുന്നു. പ്രേതത്തെപ്പോലെ. അധികാരം ചരിത്രത്തെ പൊതുബോധത്തിൽ നിന്ന് മായ്ക്കാൻ ശ്രമിച്ചേക്കാം, പക്ഷേ ചരിത്രം അധികാരത്തെ അനുസരിക്കില്ല. അത് നിശബ്ദമായി, അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.Also Read- പഹാനിയുടെ മാനവിക പ്രഖ്യാപനം; ഭീകരതയെ നിശബ്ദമാക്കുന്ന അഹിംസാ മറുപടികളുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ഭരണകൂടം എത്രയൊക്കെ ശ്രമിച്ചാലും ജനങ്ങളുടെ ഓർമ്മകളിൽ നിന്ന് ചരിത്രത്തെ മായ്ക്കാൻ കഴിയില്ല എന്ന ശക്തമായ സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.ഒരു അമാനുഷിക ശക്തി എന്നതിലുപരി, സിനിമയിലെ പ്രേതം അനിവാര്യമായ ഒന്നാണ്. ഔദ്യോഗിക രേഖകളിൽ ഇടം നിഷേധിക്കപ്പെടുമ്പോൾ ചരിത്രം മറ്റ് രൂപങ്ങൾ കണ്ടെത്തുമെന്ന് സിനിമ പറയുന്നു.മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.The post ഭരണകൂടങ്ങൾക്ക് ചരിത്രത്തെ മായ്ക്കാൻ കഴിയില്ല: ‘എ യൂസ്ഫുൾ ഗോസ്റ്റ്’ – റിവ്യൂ വായിക്കാം appeared first on Kairali News | Kairali News Live.