തൃശൂര്‍ | അച്ഛനൊപ്പം ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന ആറുവയസ്സുകാരന്‍ സ്‌കൂട്ടറില്‍ കാറിടിച്ചു മരിച്ചു. ചേര്‍പ്പിലാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചേര്‍പ്പ് ചൊവ്വൂര്‍ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കല്‍ അരുണ്‍ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.തൃപ്പൂണിത്തുറ ഭവന്‍സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ചൊവ്വൂര്‍ മോഴിപറമ്പില്‍ ഫര്‍ണീച്ചര്‍ ഷോറൂമിന് മുന്നിലായിരുന്നു അപകടം. ചെറുവത്തേരി കീഴ്തൃക്കോവില്‍ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാന്‍ അരുണ്‍ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോള്‍ എതിര്‍ദിശയില്‍ വന്ന കാറുമായി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുണ്‍കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.