ന്യൂഡൽഹി | തങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളാണെന്ന് പരിഹസിച്ച് ലളിത് മോദിയും വിജയ് മല്യയും വീഡിയോ പങ്കുവെച്ചതിന് പിന്നാലെ, ഇവരെ രാജ്യത്തെത്തിക്കാനുള്ള നടപടികളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഐ പി എൽ. സ്ഥാപകൻ ലളിത് മോദി തന്റെ ജന്മദിനത്തിൽ വിജയ് മല്യക്കൊപ്പം പോസ്റ്റ് ചെയ്ത വീഡിയോ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.വിഷയത്തിൽ പ്രതികരിക്കവെ, വിദേശരാജ്യങ്ങളിലെ സങ്കീർണ്ണമായ നിയമനടപടികളാണ് ഇവരെ കൈമാറുന്നതിൽ കാലതാമസം വരുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പിടികിട്ടാപ്പുള്ളികളെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിയമപരമായ വിവിധ തലങ്ങളിലൂടെ കടന്നുപോകേണ്ടതിനാൽ ഇതിന് സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലണ്ടനിലെ ബെൽഗ്രേവ് സ്ക്വയറിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെയാണ് വിവാദ വീഡിയോ ചിത്രീകരിച്ചത്. “ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ” എന്ന് ലളിത് മോദി പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനെ ചിരിയോടെയാണ് വിജയ് മല്യ സ്വീകരിക്കുന്നത്. ഇന്റർനെറ്റിനെ വീണ്ടും തകർക്കാൻ താൻ എന്തെങ്കിലും ചെയ്യട്ടെ എന്ന കുറിപ്പോടെയാണ് മോദി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയുടെ തട്ടിപ്പ് നടത്തി 2016 ലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് 2010 ലാണ് ലളിത് മോദി രാജ്യം വിടുന്നത്. ഇരുവരും വിദേശത്തിരുന്ന് ഇന്ത്യൻ നിയമവ്യവസ്ഥയെ പരിഹസിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും പരാജയമാണിതെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.