“പപ്പ, എനിക്ക് ഈ വേദന സഹിക്കാനാവുന്നില്ല”; നൊമ്പരമായി പ്രശാന്ത് ശ്രീകുമാറിന്റെ അവസാന വാക്കുകൾ

Wait 5 sec.

എഡ്മന്റൺ | “പപ്പ, എനിക്ക് ഈ വേദന സഹിക്കാനാവുന്നില്ല”, ആശുപത്രി വരാന്തയിലെ നീണ്ട എട്ടു മണിക്കൂർ കാത്തിരിപ്പിനിടെ പ്രശാന്ത് ശ്രീകുമാർ തന്റെ പിതാവിനോട് പറഞ്ഞ അവസാന വാക്കുകളാണിത്. നെഞ്ചു പൊട്ടുന്ന വേദനയുമായി സഹായത്തിനായി കേണപേക്ഷിച്ചിട്ടും കാനഡയിലെ ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കാത്തതിനെത്തുടർന്ന് 44 വയസ്സുകാരനായ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് ഹോസ്പിറ്റലിന്റെ അനാസ്ഥയാണ് മൂന്ന് മക്കളുടെ പിതാവായ പ്രശാന്തിന്റെ ജീവൻ കവർന്നതെന്ന് കുടുംബം കണ്ണീരോടെ ആരോപിക്കുന്നു.ഡിസംബർ 22 നാണ് പ്രശാന്ത് ശ്രീകുമാറിന് ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെ ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വെയിറ്റിംഗ് റൂമിലേക്ക് മാറ്റുകയായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും ഒരു ടൈലനോൾ ഗുളിക നൽകി കാത്തിരിക്കാനായിരുന്നു ആശുപത്രി ജീവനക്കാരുടെ മറുപടി. നെഞ്ചുവേദന അത്ര ഗുരുതരമായ ഒന്നല്ലെന്നായിരുന്നു അവരുടെ വിചിത്രമായ വാദം.മണിക്കൂറുകൾ കടന്നുപോകുന്തോറും പ്രശാന്തിന്റെ രക്തസമ്മർദ്ദം 210 ലേക്ക് ഉയർന്നു. രാത്രി 8.50 വരെ, എട്ടു മണിക്കൂറിലധികം ആ പിതാവും മകനും ആശുപത്രി വരാന്തയിൽ സഹായത്തിനായി കാത്തിരുന്നു. ഒടുവിൽ ഉള്ളിലേക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കകം പ്രശാന്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.“അകത്ത് കയറി പത്ത് സെക്കൻഡ് കഴിഞ്ഞപ്പോഴേക്കും അവൻ നെഞ്ചിൽ കൈവെച്ച് എന്റെ മുന്നിലേക്ക് വീണു”, പിതാവ് കുമാർ ശ്രീകുമാർ വിതുമ്പലോടെ ഓർക്കുന്നു.തന്റെ ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് അരികിൽ നിന്ന് പ്രശാന്തിന്റെ ഭാര്യ വിദേശത്തെ ആരോഗ്യ സംവിധാനങ്ങളുടെ ക്രൂരതയ്ക്കെതിരെ പൊട്ടിത്തെറിക്കുന്ന വീഡിയോ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്നതാണ്. 44 വയസ്സുമാത്രമുള്ള തന്റെ ഭർത്താവിനെ കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് അവർ പറയുന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കനേഡിയൻ ആരോഗ്യ അധികൃതർ അറിയിച്ചു. കാനഡയിലെ എമർജൻസി വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പ് സമയത്തെക്കുറിച്ച് രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഈ സംഭവത്തെത്തുടർന്ന് ഉയരുന്നത്.അതിനിടെ, പ്രശാന്ത് ശ്രീകുമാർ മലയാളിയാണെന്ന സംശയവും പുറത്തുവരുന്നുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.