എച്ച് വൺ ബി വിസ: അപ്പോയിന്റ്‌മെന്റുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും അമേരിക്കയെ ശക്തമായ ആശങ്ക അറിയിച്ച് ഇന്ത്യ

Wait 5 sec.

ന്യൂഡൽഹി | എച്ച് വൺ ബി വിസ അപ്പോയിന്റ്‌മെന്റുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും അമേരിക്കയെ ശക്തമായ ആശങ്ക അറിയിച്ച് ഇന്ത്യ. വിസയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.വിസ അനുവദിക്കുന്നത് അമേരിക്കയുടെ പരമാധികാര പരിധിയിൽ വരുന്ന കാര്യമാണെങ്കിലും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ന്യൂഡൽഹിയിലെയും വാഷിങ്ടൺ ഡി സിയിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിസ നടപടികൾ വൈകുന്നത് ഇന്ത്യൻ പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ പഠനത്തെ ഇത് തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, എച്ച് വൺ ബി., എച്ച് ഫോർ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ സാന്നിധ്യം പരിശോധിക്കാൻ ഇന്ത്യയിലെ യു എസ്. എംബസി തീരുമാനിച്ചിട്ടുണ്ട്. വിസ നടപടികളിലെ ദുരുപയോഗം തടയാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതിനുപുറമെ, എച്ച് വൺ ബി വിസ ലഭിക്കുന്നവർക്കുള്ള കുറഞ്ഞ വേതന പരിധി വർധിപ്പിക്കാനും ഉയർന്ന ശമ്പളമുള്ളവർക്ക് ലോട്ടറിയിൽ മുൻഗണന നൽകാനുമുള്ള നിർദ്ദേശങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ട്.ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെയായിരിക്കും. നിലവിൽ എച്ച് വൺ ബി. വിസ ലഭിക്കുന്നവരിൽ 70 ശതമാനത്തിലധികം പേരും ഇന്ത്യക്കാരാണ്. പുതിയ നിയന്ത്രണങ്ങൾ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും ബിരുദധാരികൾക്കും തിരിച്ചടിയാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.