കടന്നുപോകുന്ന കലന്‍ഡര്‍ വര്‍ഷത്തെ ലോകം അടയാളപ്പെടുത്തുന്ന കുറിപ്പ് അമേരിക്കയില്‍ നിന്ന് തന്നെ തുടങ്ങുന്നത് അനുചിതമെന്ന് തോന്നിയേക്കാം. അമേരിക്കക്ക് ചുറ്റും കറങ്ങുന്ന ആഗോള രാഷ്ട്രീയ ക്രമം ഒരിളക്കവും തട്ടാതെ നിലനില്‍ക്കുന്നുവെന്ന അര്‍ഥമല്ലേ അങ്ങനെയൊരു തുടക്കം ഉത്പാദിപ്പിക്കുന്നതെന്ന ചോദ്യവുമുയര്‍ന്നേക്കാം. അപ്പോഴും, യു എസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് ലോകത്താകെ സംഭവിക്കുന്ന അതിദേശീയതാവാദത്തിന്റെ സൂചകമായി തന്നെ കാണേണ്ടിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെയാകെ ഉള്ളടക്കം അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അതിശക്തതരംഗമായി തീവ്രവലതുപക്ഷയുക്തികള്‍ പടരുന്ന കാഴ്ചയാണ് 2025ല്‍ കണ്ടത്. ലോകത്താകെ നടക്കുന്ന മനുഷ്യത്വവിരുദ്ധമായ സര്‍വതിന്റെയും പ്രഭവ കേന്ദ്രമായി ഈ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നു. 2024 നവംബറിലാണ് ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ഇനാഗ്രേഷന്‍ ജനുവരി 20നായിരുന്നു.വലിയ അപൂര്‍വതകളോടെയാണ് ട്രംപ് തിരികെ അധികാരത്തിലെത്തിയത്. 2016ല്‍ അദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിച്ചത് ഇലക്ടറല്‍ വോട്ടുകളുടെ ബലത്തിലായിരുന്നു. അന്ന് ഡെമോക്രാറ്റിക് എതിരാളി ഹിലാരി ക്ലിന്റണിനാണ് കൂടുതല്‍ ജനകീയ വോട്ടുകള്‍ ലഭിച്ചത്. ഇത്തവണ ആ കുറവും ട്രംപ് മറികടന്നു. ജനകീയ വോട്ടില്‍ തന്നെ അദ്ദേഹം മുന്നിലെത്തി. ആദ്യ ഊഴത്തിന് തുടര്‍ച്ച തേടി ഗോദയിലിറങ്ങുകയും തോല്‍ക്കുകയും ചെയ്ത ശേഷം പ്രസിഡന്റ്പദത്തില്‍ തിരിച്ചെത്തുകയെന്ന അപൂര്‍വതയും ട്രംപിന്റെ വിജയത്തിനുണ്ട്. മിക്ക ചാഞ്ചാട്ട സ്റ്റേറ്റുകളിലും ട്രംപിന് തന്നെയായിരുന്നു മുന്നേറ്റം.ഒടുങ്ങാത്ത യുദ്ധങ്ങള്‍‘ഞാന്‍ യുദ്ധങ്ങള്‍ തുടങ്ങുന്ന പ്രസിഡന്റായിരിക്കില്ല, അവസാനിപ്പിക്കുന്നയാളായിരിക്കു’മെന്ന ട്രംപിന്റെ പ്രഖ്യാപനം ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ വാക്കുകളായി പലരും കൊണ്ടാടിയിരുന്നു. എന്നാല്‍ നൊബേല്‍ സമ്മാന ജേതാവാകാന്‍ പലതരം ചെപ്പടിവിദ്യകള്‍ പുറത്തെടുത്തുവെന്നല്ലാതെ ഒരു ഏറ്റമുട്ടലിലും അര്‍ഥവത്തായ ഒരു ഇടപെലും നടത്താന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉരുണ്ടുകൂടിയ യുദ്ധസമാനമായ അന്തരീക്ഷം മറികടന്നത് തന്റെ ഇടപെടലിലാണെന്ന ട്രംപിന്റെ അവകാശവാദം പാകിസ്താന്‍ മാത്രമാണ് ശരിവെച്ചത്. യാഥാര്‍ഥ്യത്തിന് നിരക്കാത്ത ഒന്നായി തന്നെയാണ് വര്‍ഷം പിന്നിടുമ്പോഴും ആ വാദം നിലനില്‍ക്കുന്നത്. യൂറോപ്യന്‍ കൂട്ടാളികളെ ഇരുട്ടില്‍ നിര്‍ത്തി യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ ട്രംപും പുടിനും നടത്തിയ കൂടിക്കാഴ്ചകള്‍ ലക്ഷ്യം കൃത്യമായി നിര്‍ണയിക്കാത്തത് കൊണ്ടുതന്നെ എങ്ങുമെത്തിയില്ല. യുക്രൈന്‍ വിഷയം കൂടുതല്‍ സങ്കീർണമാകുന്നതാണ് വര്‍ഷാന്ത്യത്തില്‍ കാണുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കര്‍ക്കശ നിലപാടെടുക്കുകയും യുക്രൈനില്‍ കൂടുതല്‍ ആയുധം വിതറുകയുമാണ്. ഇറാനെ ട്രംപ് ഭരണകൂടം കടന്നാക്രമിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒത്താശ ചെയ്തുകൊടുത്തു. സിറിയയില്‍ നേരിട്ടുള്ള ആക്രമണം തുടങ്ങി. നൈജീരിയയില്‍ ഇസില്‍വിരുദ്ധ സൈനിക നീക്കം യു എസ് തുടങ്ങിയെന്ന വാര്‍ത്തയാണ് ഒടുവില്‍ വന്നത്. വെനസ്വേലയില്‍ ഏത് നിമിഷവും പ്രത്യക്ഷ ആക്രമണം തുടങ്ങിയേക്കാം. എങ്ങനെയുണ്ട് യുദ്ധം നിര്‍ത്താന്‍ വന്ന, നൊബേല്‍ കാംക്ഷിയായ പ്രസിഡന്റിന്റെ ഒരു വര്‍ഷത്തെ പെര്‍ഫോമന്‍സ്.ഗസ്സയിലെ ചോര, വെസ്റ്റ് ബാങ്കിലെയുംഫലസ്തീന്‍ ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഉന്‍മൂലനത്തിന്റെയും അധിനിവേശത്തിന്റെയും പലായനത്തിന്റെയും സത്യം ചരിത്രത്തിലൊരിക്കലുമുണ്ടാകാത്ത വിധം ലോകം ചര്‍ച്ച ചെയ്ത വര്‍ഷമാണ് കടന്നു പോയത്. അതിന് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ചോര വേണ്ടി വന്നു. 2023 ഒക്‌ടോബര്‍ ഏഴിന് തുടങ്ങിയ വംശഹത്യ ഈ വര്‍ഷാന്ത്യത്തിലും അവസാനിച്ചിട്ടില്ല. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ക്രൂരമായ ആക്രമണങ്ങള്‍ ദിനം പ്രതി അരങ്ങേറുകയാണ്. മരിച്ചുവീണവരുടെ ഔദ്യോഗിക കണക്ക് 71,000 പിന്നിട്ടു. ചിതറിത്തെറിച്ച ചോര ലോകമനസ്സാക്ഷിയെ ഉണര്‍ത്തുകയായിരുന്നു. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രപദവി അംഗീകരിച്ച് രംഗത്തുവന്നു. അതോടെ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന യു എന്‍ അംഗരാജ്യങ്ങളുടെ എണ്ണം 150 ലേറെ ആയി. യു എന്‍ പൊതുസഭയില്‍ ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസ്സായി. ആ നയന്ത്രവിജയം ഫലസ്തീനികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാമോ എന്നത് മറ്റൊരു കാര്യം. ലോകത്തിലെ പ്രമുഖ സര്‍വകാലാശാലകളെല്ലാം ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രകമ്പനങ്ങള്‍ തീര്‍ത്തു. ഇസ്‌റാഈല്‍ പക്ഷപാതികള്‍ പടച്ചുവിടുന്ന നരേറ്റീവുകള്‍ക്ക് കൗണ്ടര്‍ നരേറ്റീവുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. ഇതിന്റെ തുടര്‍ച്ചായിരുന്നു ജനുവരിയില്‍ സാധ്യമായ ആദ്യ വെടിനിര്‍ത്തല്‍. ഇസ്‌റാഈല്‍ സൈന്യത്തിനകത്ത് നിന്നു തന്നെയുള്ള സമ്മര്‍ദങ്ങള്‍, ഖത്വറിന്റെയും ഈജിപ്തിന്റെയും മാധ്യസ്ഥ്യം, ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന്റെ അച്ചുതണ്ട്, ആക്‌സിസ് ഓഫ് റസിസ്റ്റന്‍സ് എന്ന് വിളിക്കപ്പെടുന്ന സയണിസ്റ്റ്‌വിരുദ്ധ കൂട്ടായ്മയെ ക്ഷീണിപ്പിക്കാന്‍ ഇസ്‌റാഈലിന് സാധിച്ചത് തുടങ്ങിയവയും ഘടകമായി. പ്രധാന നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടത് ഹമാസിന്റെ മുന്നില്‍ വഴിയടച്ചു. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഉന്‍മൂലന പദ്ധതിയിലേക്ക് ഇസ്‌റാഈല്‍ പ്രവേശിക്കുമ്പോള്‍ സ്വന്തം ജനതക്ക് മുമ്പില്‍ മറുപടി പറയാന്‍ ഹമാസിനെയും വെടിനിര്‍ത്തല്‍ കൂടിയേ തീരൂവെന്ന നിലയിലെത്തിച്ചു. എന്നാല്‍ ആ വെടിനിര്‍ത്തലിന്റെ ഒന്നാം ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഇസ്‌റാഈല്‍ കരാര്‍ ലംഘനം തുടങ്ങി. ലോകം നോക്കിനില്‍ക്കെ അതിക്രൂരമായ ആക്രമണം തുടര്‍ന്നു. ഒടുവില്‍ യു എസ് തയ്യാറാക്കിയ ഗസ്സാ പ്ലാന്‍, യു എന്നിന്റെ അംഗീകാരത്തോടെ നിലവില്‍വന്നു. നിറയെ ചതിക്കുഴികളുള്ള ആ കരാര്‍ പോലും അംഗീകരിക്കാത്ത ഇസ്‌റാഈലിനെയാണ് ഈ വര്‍ഷാന്ത്യത്തിലും കാണുന്നത്. നിങ്ങള്‍ വെടിനിര്‍ത്തൂ, ഞങ്ങള്‍ തുടരാമെന്നതാണ് ഇസ്‌റാഈലിന്റെ നയം. ആരുമില്ല നിയന്ത്രിക്കാന്‍.ചങ്ങലക്കിട്ട മനുഷ്യര്‍ട്രംപ് തുടങ്ങിവെച്ച അക്രമാസക്ത കുടിയേറ്റവിരുദ്ധ നടപടികള്‍ വിവിധ സമ്പന്ന രാജ്യങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ പാശ്ചാത്യ നാടുകളിലെ ഒരു പൊതുവികാരമായി അത് പടര്‍ന്നു. ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനിലുമെല്ലാം കുടിയേറ്റവിരുദ്ധ കക്ഷികള്‍ പനപോലെ വളരുന്നത് 2025ല്‍ കണ്ടു. അമേരിക്ക ഫസ്റ്റ്, മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ തുടങ്ങിയ ട്രംപിന്റെ മുദ്രാവാക്യങ്ങള്‍ പലനിലകളില്‍ പല രാജ്യങ്ങളില്‍ നടപ്പാകുകയായിരുന്നു. തിരിച്ചയക്കുന്ന കുടിയേറ്റക്കാരെ കൂച്ചുവിലങ്ങിട്ടു കൊണ്ടുവരുന്ന മനുഷ്യത്വരഹിതമായ കെട്ട കാഴ്ച ഈ വര്‍ഷം കണ്ടു. അതിര്‍ത്തികള്‍ അടച്ചുപൂട്ടി സ്വന്തത്തിലേക്ക് ചുരുങ്ങുന്ന രാഷ്ട്രങ്ങളായിരിക്കും ലോകത്തിന്റെ മുന്നോട്ടുള്ള പോക്കിന് വരും നാളുകളില്‍ വലിയ ഭീഷണിയാകുക. ഈ പ്രൊട്ടക‌്ഷനിസ്റ്റ് നയത്തിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരമായിരുന്നു ഈ വര്‍ഷം ട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം. പകരച്ചുങ്കവും പ്രതികാരച്ചുങ്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര സാധ്യതകളെ വല്ലാതെ ചുരുക്കിക്കളഞ്ഞു. ബ്രിക്‌സ് കൂട്ടായ്മയും റഷ്യയുടെയും ഇറാന്റെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും കൂട്ടായ്മയും ചില ബദലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കന്നതും ഈ വര്‍ഷം കണ്ടു. ചൈന കൂടുതല്‍ ശക്തമാകുന്നതും.എ ഐ കിടമത്സരം2017ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പറഞ്ഞത്, “ഈ മേഖലയില്‍ ആരാണോ നേതാവാകുന്നത് അവര്‍ ലോകത്തിന്റെ ഭരണാധികാരിയാകും’ എന്നാണ്. ചരിത്രം അദ്ദേഹത്തെ തെറ്റാണെന്ന് തെളിയിച്ചേക്കാം. എന്നാല്‍, ഈ മേഖലയിലെ കിടമത്സരം 2025ലെ സുപ്രധാന സംഭവമായി മാറിയിരിക്കുന്നു. അമേരിക്കയും ചൈനയും ലോകത്തിലെ രണ്ട് മുന്‍നിര എ ഐ ശക്തികളാണ്. മറ്റാരും അവരോട് അടുത്തില്ല. മുന്‍നിര എ ഐ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി കണക്കാക്കപ്പെട്ടിരുന്ന നൂതന എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിക്കാതെ തന്നെ മികച്ച എ ഐ മോഡല്‍ ജനുവരിയില്‍ പുറത്തിറക്കിയപ്പോള്‍ ചൈനീസ് സ്ഥാപനമായ ഡീപ്സീക്ക് ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഡീപ്സീക്കിന്റെ അവകാശവാദങ്ങളെ വിദഗ്ധര്‍ വെല്ലുവിളിച്ചു. പക്ഷേ യു എസ് സ്ഥാപനങ്ങള്‍ സ്വന്തം എ ഐ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ നിര്‍ബന്ധിതരായി. യു എസിലോ യു എസ് സാങ്കേതികവിദ്യ ഉപയോഗിച്ചോ നിര്‍മിച്ച നൂതന സെമികണ്ടക്ടറുകളുടെ കയറ്റുമതിയില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാനും പിന്നീട് വിപുലീകരിക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. രണ്ടാഴ്ച മുമ്പ്, പക്ഷേ, ട്രംപ് ഗതി മാറ്റി, എന്‍വിഡിയക്ക് അതിന്റെ ശക്തമായ എച്ച് 200 ചിപ്പ് ചൈനക്ക് വില്‍ക്കാന്‍ അധികാരം നല്‍കി.സുഡാന്‍, നൈജീരിയഅധികാര പ്രമത്തതയും പ്രകൃതി വിഭവങ്ങള്‍ക്ക് മേലുള്ള നിയന്ത്രണ ത്വരയും എങ്ങനെയാണ് ഒരു നാടിനെ കുട്ടിച്ചോറാക്കുന്നത് എന്ന് കാണാന്‍ 2025ലെ സുഡാനെ നോക്കിയാല്‍ മതിയാകും. രാജ്യത്തിന്റെ ഭരണം കൈയാളുന്ന ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാനും വിമത സേനയായ ആര്‍ എസ് എഫ് തലവന്‍ മുഹമ്മദ് ഹംദാനും സ്വന്തം സൈന്യത്തെയിറക്കി ഏറ്റുമുട്ടുകയാണ്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന നേതാക്കള്‍. രണ്ട് പേരും ഒരുമിച്ച് അധികാരം പിടിച്ചവരാണ്. ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞ് സ്വര്‍ണ ഖനികളുടെ നിയന്ത്രണം കൈക്കലാക്കാന്‍ പോരടിക്കുന്നു. ആര്‍ എസ് എഫ് പിടിച്ചെടുത്ത ദാര്‍ഫൂര്‍ മേഖലയില്‍ നടക്കുന്ന നരനായാട്ടിന്റെ വാര്‍ത്തകള്‍ വല്ലാത്തൊരു മരവിപ്പാണുണ്ടാക്കുന്നത്. നൈജീരിയ ഒരിക്കല്‍ കൂടി ക്രൂരമായ തട്ടിക്കൊണ്ടുപോകലുകലുകളുടെയും അരുംകൊലകളുടെയും പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.അതിര്‍ത്തികള്‍കൊളോണിയല്‍ കാലത്ത് വരച്ച അതിര്‍ത്തികള്‍ ഒരിക്കലും നിര്‍വീര്യമാകാത്ത കുഴിബോംബുകളാണെന്ന് ഈ വര്‍ഷം ശക്തമായ കംബോഡിയ- തായ്‌ലാന്‍ഡ് സംഘര്‍ഷം ഒരിക്കല്‍കൂടി തെളിയിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്നാണ് അവസാന വിവരം. ബംഗ്ലാദേശ് കൂടുതല്‍ അശാന്തമാകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അവിടെ വിദ്യാര്‍ഥി നേതാവിന്റെ ചോരവീണ ഡിസംബര്‍ പ്രക്ഷോഭങ്ങളുടെ വരും മാസങ്ങളിലേക്ക് വാതില്‍ തുറന്നിരിക്കുന്നു. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് പരിഹാരമാകുമായിരിക്കാം. അതോ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ കൈകളില്‍ അധികാരമെത്തുമോ? ജൻ സീ പ്രക്ഷോഭം ഏറ്റവും ശക്തമായ വർഷമാണ് കടന്നുപോകുന്നത്. നേപ്പാളിൽ ആ നവ യുവാക്കൾ ഭരണ കൂടത്തെ തകർത്തെറിഞ്ഞു. പെറുവിലും ഇറ്റലിയിലും മെറോക്കോയിലുമൊക്കെ വന്പൻ പ്രക്ഷോഭങ്ങൾ അറങ്ങേറി.ഞാന്‍ മുസ്‌ലിമാണ്, ഞാന്‍ സോഷ്യല്‍ ഡെമോക്രാറ്റ് ആണ്, ഞാന്‍ ഇസ്‌റാഈല്‍വിരുദ്ധനാണ് എന്ന് അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച സുഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട നവംബറുള്ളപ്പോള്‍ കടന്നുപോകുന്ന വര്‍ഷത്തിന്റെ എല്ലാ രാഷ്ട്രീയ ഉത്കണ്ഠകളും തെല്ലൊന്ന് ശമിക്കുന്നു. കുടിയേറ്റവിരുദ്ധ ഹൂളിഗന്‍ കൂട്ടങ്ങളെ തല്ലിയോടിച്ച ബ്രിട്ടീഷ് തെരുവുകളും പ്രതീക്ഷ പകരുന്നു. ഖത്വറില്‍ ഇസ്‌റാഈല്‍ മിസൈലുകള്‍ പതിച്ചപ്പോഴും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചപ്പോഴും മൗനം മുറിക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധമായതും നേര്‍ത്ത വെളിച്ചമാണ്.