ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ഇരുപതിന സമാധാന പദ്ധതിയില്‍ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്കു ശേഷം ട്രംപും പുടിനും പ്രതികരിച്ചു. മികച്ച സംഭാഷണമാണ് നടന്നതെന്ന് ട്രംപും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് റഷ്യയും വ്യക്തമാക്കി.മൂന്ന് വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈയെടുത്തു നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയത്. ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയ സെലന്‍സ്‌കി യുദ്ധം അവസാനിപ്പിച്ച് യുക്രൈന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അറിയിച്ചു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി തീര്‍ന്നിരിക്കുന്ന യുക്രൈന്‍-റഷ്യ പോര് അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപും കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ഭൂമിപ്രശ്‌നത്തില്‍ ധാരണയാകാത്തതാണ് ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതില്‍ പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫലപ്രദമായാണ് മുന്നോട്ട് പോകുതെന്നും മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.