കൊച്ചി | യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കാനും ക്ഷണിക വികാരങ്ങളെ ഉപയോഗപ്പെടുത്താനുമാണ് പി ആര്‍ ഏജന്‍സികള്‍ തങ്ങളുടെ കണ്‍സള്‍ട്ടന്‍സികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പി ആര്‍ ഏജന്‍സികള്‍ ഗീബല്‍സിയന്‍ ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നതെന്നും അല്‍ഗോരിത നിയന്ത്രിതകാലത്ത് പൊതുജന ജാഗ്രത അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ നാടായ കഥ’ എന്ന പ്രമേയത്തില്‍ ഇടപ്പള്ളിയില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘നേര് പറയുന്നു’ ചര്‍ച്ചാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരാശ്രിതരാണ്. മതവിശ്വാസം നാടിനെ ഒരുമിച്ചുനിര്‍ത്താനുള്ള പ്രേരകമാണെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങളുടെ ലബോറട്ടറിയായിരിന്നു ദേശീയ പ്രസ്ഥാനങ്ങള്‍. തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന താത്കാലിക നീക്കുപോക്കുകള്‍ ദീര്‍ഘാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാവേണ്ട ഈ തിരിച്ചറിവ് നാടിന്റെ നില്‍നില്‍പ്പിന്റെ ഭാഗമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഭാഗമായാണ് എസ് എസ് എഫ് ‘നമ്മള്‍ നാടായ കഥ’ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്‍ ഭാഗമായി ആയിരം ഗ്രാമങ്ങളില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ബഹുസ്വര സംഗമങ്ങള്‍ നടക്കും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം, സമകാലിക രാഷ്ട്രീയ വെല്ലുവിളികള്‍, സാംസ്‌കാരിക പൈതൃകം എന്നിവ പ്രമേയമാക്കി ഗൗരവമായ ചര്‍ച്ചകള്‍ക്കാണ് വേദി സാക്ഷ്യംവഹിച്ചത്.ചരിത്രത്തെയും വര്‍ത്തമാനത്തെയും ശരിയായ ദിശയില്‍ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം സംഗമം അടിവരയിട്ടു. ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി അനസ് എന്നിവരും വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദ്യാര്‍ഥികളും പങ്കെടുത്തു.