കാസര്‍ഗോഡ് | ജനുവരി ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ചെര്‍ക്കള നൂറുല്‍ ഉലമ എം എ ഉസ്താദിനഗറില്‍ ഇന്ന് തിങ്കള്‍ വൈകിട്ട് 4 30ന് പതാക ഉയരും. സ്വാഗതസംഘം ചെയര്‍മാന്‍ ഹക്കീം ഹാജി കളനാടാണ് പതാക ഉയര്‍ത്തുന്നത്.നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക തളങ്കര മാലിക് ദിനാര്‍ മഖാം സിയാറത്തിനു ശേഷമാണ് 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ അകമ്പടിയോടെ പതാക ജാഥയായി നഗരിയില്‍ എത്തുന്നത്. മഖാം സിയാറത്തിനു സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ടെ നേതൃത്വം നല്‍കും. സഅദിയ പ്രിന്‍സിപ്പല്‍ എ പി അബ്ദുള്ള മുസ്ലിയാര്‍ പതാക കൈമാറും.1963 ഡിസംബര്‍ 29ന് തളങ്കര മാലിക് ദീനാറില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തിലാണ് സമസ്തക്ക് ഇന്ന് കാണുന്ന പതാക അംഗീകരിച്ചത്. അതിന്റെ 62 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ മുന്നോടിയായി ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിച്ചത്.ജില്ലയിലെ 9 സോണുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തു 313 അംഗങ്ങളാണ് ഫ്‌ളാഗ് മാര്‍ച്ചില്‍ അണി നിരക്കുന്നത്. കേരള യാത്ര ഒന്നിന് വൈകിട്ട് 5.30ന് ചേര്‍ക്കള യിലാണ് നടക്കുന്നത്.16ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനു എങ്ങും വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നു.നീലേശ്വരം സര്‍ക്കിളില്‍ ജലയാത്ര നടത്തി. ഉദ്ഘാടന വേദിയില്‍ 31ന് രാത്രി മുസ്തഫ സഖഫി തെന്നലയുടെ പ്രഭാഷണം നടക്കും.