കോഴിക്കോട് | കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്.പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ തഞ്ചാവൂര്‍ പട്ടിത്തോപ്പ് സ്വദേശി ബാലാജിയെയാണ് കുറുവാ മോഷണ സംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേട് കോളനിക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍ നിന്നു കൊയിലാണ്ടി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ, കുറുവാസംഘത്തില്‍പ്പെട്ട മുരുകേശന്‍ എന്നയാളുടെ മകനായ ബാലാജി തമിഴ്നാട്ടില്‍ മോഷണം, വധശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്.രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ബാലാജി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. രണ്ട് മാസത്തോളമായി ഇയാള്‍ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവിടെയെത്തിയ കൊയിലാണ്ടി പോലീസ് സാഹസികമായാണ് ബാലാജിയെ പിടികൂടിയത്.