കൊച്ചി | തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എം എല്‍ എയും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസിന്റെ പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി. കൗണ്‍സിലര്‍മാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്റെ ആവശ്യം. എന്നാല്‍ ഉമയുടെ ആവശ്യം ഡി സി സി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഉമ, കെ പി സി സിക്ക് പരാതി നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു നീതിയും തൃക്കാക്കരയില്‍ മറ്റൊരു നീതിയും പറ്റില്ലെന്ന് ഉറച്ച നിലപാടിലാണ് ഉമ തോമസ്.നേരത്തെ കൊച്ചി കോര്‍പറേഷനില്‍ മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ദീപ്തി മേരി വര്‍ഗീസ് സ്ഥാനം ലഭിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെ പി സി സിക്ക് പരാതി നല്‍കിയ ദീപ്തി, പരസ്യ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയെങ്കിലും മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍.കെ പി സി സി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയില്‍ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആര്‍ അഭിലാഷ് വിമര്‍ശനം ഉന്നയിച്ചത്. കെ പി സി സി മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡി സി സി പ്രസിഡന്റും പറയണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.