ഉന്നാവോ ബലാത്സംഗ കേസ്; മുന്‍ ബി ജെ പി എം എല്‍ എയുടെ ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ സി ബി ഐ സുപ്രീം കോടതിയില്‍

Wait 5 sec.

ന്യൂഡല്‍ഹി | രാജ്യത്തെ നടുക്കിയ ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി ബി ഐ സുപ്രീം കോടതിയില്‍. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നും ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ പ്രതിക്കു നേത്ര രോഗ ശസ്ത്രക്രിയ നടത്താന്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു.മുന്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ ഗാറില്‍ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉന്നാവ് പീഡന കേസിലെ അതിജീവിത രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ജീവപര്യന്തം കഠിനതടവ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം.