ശബരിമല സ്വര്‍ണക്കടത്ത്: ഡി മണി അന്വേഷണത്തോട് സഹകരിക്കുന്നില്ല

Wait 5 sec.

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ഡി മണി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല. ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയും ചോദ്യം ചെയ്യലും ഫലപ്രദമായിരുന്നില്ല. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്നലെ രാവിലെയോടെയാണ് എസ് ഐ ടിയുടെ നിര്‍ണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ട് ഹാജാരകാന്‍ നോട്ടീസ് നല്‍കിയാണ് എസ് ഐ ടി തിരിച്ചത്.ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യല്‍ നടക്കണമെന്ന് അന്വേഷണ സംഘം കരുതുന്നു. ഏറെ ദുരൂഹതകള്‍ മണിക്ക് പന്നിലുണ്ടെന്നാണ് എസ് ഐ ടിയുടെ സംശയം. മണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എസ് ഐ ടി. ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ താന്‍ ഡി മണിയല്ല, എം എസ് മണിയാണ് എന്നാ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍.പ്രവാസി വ്യവസായി മൊഴി നല്‍കിയതു പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തത്. എസ് ഐ ടി കണ്ടത് താന്‍ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. പോലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പറയുന്നു. ഈ മൊബൈല്‍ നമ്പര്‍ പ്രതികളില്‍ ഒരാളുടെ ഫോണില്‍ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ് ഐ ടി സംഘം എത്തിയത്. പോലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഡി മണി പറഞ്ഞു.ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാള്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എല്ലാം നിഷേധിച്ചു. ബാലമുരുകനെന്ന തന്റെ സുഹൃത്തിന്റെ ഫോണ്‍ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് തേടിയാണ് പോലീസ് എത്തിയതെന്നുമാണ് ഇയാളുടെ വാദം.