ഇന്ത്യ ഹിന്ദുസ്ഥാനോ ഭാരതമോ അല്ല, ലിഞ്ചിസ്ഥാന്‍: ഇല്‍തിജ മുഫ്തി

Wait 5 sec.

ശ്രീനഗര്‍ | ഇന്ത്യ ഇപ്പോള്‍ ഹിന്ദുസ്ഥാനോ ഭാരതമോ അല്ല, ലിഞ്ചിസ്ഥാന്‍ ആണെന്ന് ജമ്മു കശ്മീര്‍ പി ഡി പി നേതാവ് ഇല്‍തിജ മുഫ്തി. ഒഡീഷയില്‍ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലാണ് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുടെ എക്‌സിലൂടെയുള്ള രൂക്ഷവിമര്‍ശനം.യുവാവ് കൊല്ലപ്പെട്ടതിന്റെ വാര്‍ത്താ പങ്കുവച്ചാണ് ഇല്‍തിജയുടെ പോസ്റ്റ്. ഒഡിഷയിലെ സാംബല്‍പൂരില്‍ ജോലി ചെയ്തിരുന്ന ജുവല്‍ ഷെയ്ഖ് റാണ (19)യാണ് കൊല്ലപ്പെട്ടത്. ക്രിസ്മസ് തലേന്ന് നഗരത്തിലെ ശാന്തി നഗര്‍ പ്രദേശത്തെ ഒരു ചായക്കടയിലായിരുന്നു സംഭവം. ജുവല്‍ ഷെയ്ക്കിന്റെ തലക്കു പരിക്കേല്‍പ്പിച്ചതായി പരിക്കേറ്റ തൊഴിലാളികളില്‍ ഒരാളായ മജ്ഹര്‍ ഖാന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവാവിന്റെ കൊലപാതകത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ബംഗാളി സംസാരിച്ചതിനാണ്  ബംഗ്ലാദേശിയാണെന്ന് സംശയിച്ച് യുവാവിനെ കൊലപ്പെടുത്തിയത്. സംഘപരിവാറിന്റെ ഈ വിദ്വേഷ രാഷ്ട്രീയം എത്ര പേരുടെ ജീവന്‍ അപഹരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ആറ് പേര്‍ കുടിയേറ്റ തൊഴിലാളികളെ സമീപിച്ച് ബീഡി ചോദിക്കുകയും തുടര്‍ന്ന് ആധാര്‍ കാര്‍ഡുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ 19കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിലാണ് പോലീസ്.