കോഴിക്കോട്:ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ അവസാന ദിനം നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐഎന്‍എസ് കല്‍പ്പേനി, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് അഭിനവ് എന്നിവ സന്ദര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച വൈകീട്ടോടെ ബേപ്പൂര്‍ തുറമുഖത്തെത്തിയ മന്ത്രി ഐഎന്‍എസ് കല്‍പ്പേനിയുടെ സവിശേഷതകള്‍ ക്യാപ്റ്റന്‍ ജിത്തു ജോസഫില്‍ നിന്ന് ചോദിച്ചറിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്രം ആലേഖനം ചെയ്ത തടിയില്‍ തീര്‍ത്ത പ്രത്യേക ഉപഹാരം ബേപ്പൂര്‍ ഫെസ്റ്റിന്റെ സ്നേഹ സമ്മാനമായി മന്ത്രി കൈമാറി. തുടര്‍ന്ന് ഐസിജിഎസ് അഭിനവ് സന്ദര്‍ശിച്ച മന്ത്രി ക്യാപ്റ്റന്‍ അമിത് ചൗഹാന് ഉപഹാരം സമ്മാനിച്ചു. തുറമുഖത്തെ കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസിന്റെ ആര്‍മര്‍ വിങ്ങിന്റെയും സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. ഐഎന്‍എസ് കല്‍പ്പേനിയുടെ സന്ദര്‍ശക പുസ്തകത്തില്‍ ‘പ്രൗഡ് ഓഫ് യുവര്‍ ടീം’ എന്നെഴുതിയാണ് മന്ത്രി മടങ്ങിയത്.കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ രാജീവന്‍, ബേപ്പൂര്‍ ഡെവലപ്പ്മെന്റ് മിഷന്‍ കണ്‍വീനര്‍ രാധ ഗോപി, ഡി ടി പി സി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.