അരക്ഷിത ബംഗ്ലാദേശ് ഇന്ത്യക്ക് ഗുണകരമാകില്ല

Wait 5 sec.

ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ നിലയിലേക്ക് നീങ്ങുകയാണ്. ശൈഖ ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഇന്‍ക്വിലാബ് മാഞ്ചോ നേതാവ് ശരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതോടെയാണ് രാജ്യം അക്രമാസക്ത പ്രക്ഷോഭത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് പ്രക്ഷോഭം അക്രമാസക്തമാണ്. തീവ്രനിലപാടുകളുള്ള ഗ്രൂപ്പുകള്‍ പ്രക്ഷോഭത്തിലേക്ക് കയറിവന്നതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടവിടെ.ഈ പ്രക്ഷോഭത്തിലുടനീളം ഇന്ത്യാവിരുദ്ധ വികാരമാണ് ആളിക്കത്തുന്നത്. ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന ആരോപണം നേരത്തേയുണ്ടായിരുന്നു. ബംഗ്ലാദേശ് അന്വേഷണ സംഘം തന്നെ ഈ സംശയം മുന്നോട്ടുവെച്ചതോടെ ഇന്ത്യാവിരുദ്ധ പ്രക്ഷോഭം കൂടുതല്‍ വ്യാപകമായി. ഇന്ത്യയില്‍ കഴിയുന്ന ശൈഖ ഹസീനയെ വിട്ടുകിട്ടണമെന്ന മുറവിളിയാണ് ബംഗ്ലാദേശ് തെരുവുകളില്‍ മുഴങ്ങുന്നത്. അവരെ വിട്ടുകൊടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യക്ക് മതിയായ സാവകാശമെടുക്കാമെന്നാണ് അന്താരാഷ്ട്ര നിയമ വിദഗ്ധരെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ അധികാരപ്രമത്തതയുടെയും കെടുകാര്യസ്ഥതയുടെയും പ്രതിപക്ഷ അടിച്ചമര്‍ത്തലിന്റെയും പാരമ്യത്തില്‍ ജനങ്ങള്‍ പുറത്താക്കിയ ഹസീനക്ക് അഭയം തുടരുന്ന ഇന്ത്യയുടെ നിലപാട് വകവെച്ചുകൊടുക്കാവുന്ന വിശാലതയൊന്നും ബംഗ്ലാദേശി യുവാക്കള്‍ക്കില്ല. ഹസീന ഈസ് ഇന്ത്യ, ഇന്ത്യ ഈസ് ഹസീന എന്നാണ് അവരുടെ ഹാഷ്ടാഗ്.വൈകാരിക പ്രതികരണങ്ങളുടെ ഏറ്റവും ഭീകരമായ വശം ഈ പ്രക്ഷോഭങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്നതാണ്. ഒറ്റപ്പെട്ടത് എന്നൊക്കെ പറയാമെങ്കിലും, ഇടക്കാല സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിസ്സാരമായി കാണേണ്ട ഒന്നല്ല അത്. ഇന്ത്യയില്‍ നിന്നുള്ള പാര്‍ലിമെന്ററി സമിതി ഇക്കാര്യത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കത്തിന്റെ സ്വഭാവം വിട്ട് മതപരമായ വിഷയമായി ഇത് വളര്‍ന്നാല്‍ പരിഹാരം അസാധ്യമായ പ്രതിസന്ധിയായി ഇത് മാറുമെന്നുറപ്പാണ്. അങ്ങേയറ്റം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണിത്. എന്നാല്‍ അസമിലെ മുസ്‌ലിംകള്‍ മുഴുവന്‍ ബംഗ്ലാദേശികളാണ് പോലുള്ള വിദ്വേഷ പ്രസ്താവനകള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പടച്ചുവിട്ട് എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയെപ്പോലുള്ളവര്‍.ഇന്ത്യയെ മാറ്റി നിര്‍ത്തിയുള്ള ബംഗ്ലാദേശി ചരിത്രം തീര്‍ത്തും അപൂര്‍ണമായിരിക്കും. 1971ലും 1975ലും ഇന്ത്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശ് എന്ന രാജ്യം തന്നെ അസാധ്യമാകുമായിരുന്നു. ബംഗ്ലാദേശ് വിമോചന സമര കാലത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ വിമോചന സ്വപ്‌നങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ആയുധവുമായിറങ്ങിയപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ പിന്തുണയാണ് നിര്‍ണായകമായത്. രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍റഹ്‌മാന്‍ താമസിച്ച വീട് ആക്രമിച്ചും സ്വാതന്ത്ര്യ സമര കാലത്തെ പ്രതീകങ്ങളെ മുഴുവന്‍ തള്ളിപ്പറഞ്ഞും മുന്നോട്ട് പോകുന്ന ബംഗ്ലാദേശി പ്രക്ഷോഭകര്‍ ഇന്ത്യ- ബംഗ്ലാ കൂട്ടുകെട്ടിന്റെ ചരിത്രത്തെയാകെ നിരാകരിക്കുകയാണ്. ഇത് ആത്യന്തികമായി ബംഗ്ലാദേശി ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള തീവ്രകക്ഷികള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ശരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിറകേ ശാബാഗ് ചത്വരത്തില്‍ നടന്ന പ്രതിഷേധ സംഗമം തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ആധിപത്യം പുലര്‍ത്തുന്ന ഒത്തുചേരലായി മാറിയിരുന്നു. ‘തൗഹീദി ജനത’യുടെ ജാശിമുദ്ദീന്‍ റഹ്‌മാനി, അതാഉര്‍റഹ്‌മാന്‍ ബിക്രംപുരി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.പ്രകോപനപരമായിരുന്നു പ്രസംഗങ്ങള്‍. അക്രമ സംഭവങ്ങളില്‍ എടുത്തു പറയേണ്ടത് പ്രോതോണ്‍ അലോ, ഡെയ്‌ലി സ്റ്റാര്‍ എന്നീ പത്രങ്ങളുടെ ഓഫീസുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ്. ഈ പത്രങ്ങള്‍ തീവ്രഗ്രൂപ്പുകളെ ശക്തമായി തുറന്നുകാണിക്കുന്നവയാണ്. ഇന്ത്യന്‍ അനുകൂലികള്‍, മതവിരുദ്ധര്‍ എന്നൊക്കെയാണ് ഈ പത്രങ്ങള്‍ക്ക് നേരെയുള്ള ഹസീനവിരുദ്ധ ഗ്രൂപ്പുകളുടെ ആക്ഷേപം.ഇന്ത്യ തന്നെയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകളില്‍ ഇന്ത്യയിലെ ഒരു ഗ്രൂപ്പും ഏര്‍പ്പെടരുത്. അരക്ഷിതമായ അയല്‍പ്പക്കം ഇന്ത്യക്ക് ഒരിക്കലും ഗുണകരമാകില്ലല്ലോ. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് നീതിയുക്തമാകണം. തിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തണമെന്ന് ഇന്ത്യയിലെ ഭരണകക്ഷി ആഗ്രഹിക്കുന്നുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ അതിനായി പുറത്തുനിന്ന് നടത്തുന്ന നീക്കങ്ങള്‍ ഉറപ്പായും വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ. ഇന്ത്യാവിരുദ്ധത അവിടെ ശക്തമായ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞുവെന്നും ബംഗ്ലാദേശ് ചൈനയിലേക്ക് ചായുകയാണെന്നുമുള്ള വസ്തുത തിരിച്ചറിഞ്ഞായിരിക്കണം ഇന്ത്യ നിലപാടെടുക്കേണ്ടത്.