തിരുവനന്തപുരം | ജനതാദള്‍ (എസ്)ന് ലയിക്കാന്‍ രൂപവത്കരിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ (ഐ എസ് ജെ ഡി) എന്ന പാര്‍ട്ടിക്ക് അംഗീകാരം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2026 ജനുവരി 10ന് കൊച്ചിയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് ജെ ഡി (എസ്) കേരളഘടകം ഐ എസ് ജെ ഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകും. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.ജനതാദള്‍ (എസ്) ദേശീയ തലത്തില്‍ ബി ജെ പിയുടെ ഭാഗമായത് കേരള നേതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ലയിക്കാന്‍ തീരുമാനിച്ചത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ അപേക്ഷ അംഗീകരിച്ചത്.ഇനി പുതിയ ചിഹ്നത്തിലായിരിക്കും ജെ ഡി (എസ്) മത്സരിക്കുക. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വരെ കറ്റയേന്തിയ കര്‍ഷക സ്ത്രീ അടയാളത്തിലായിരുന്നു ജെ ഡി എസ് മത്സരിച്ചത.് ചക്രമായിരിക്കും ഐ എസ്ജെ ഡിയുടെ ചിഹ്നമെന്നാണ് സൂചന.എച്ച് ഡി ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ദേശീയ നേത്യത്വം ബി ജെ പിക്കൊപ്പം ചേര്‍ന്നതോടെ കേരള നേതാക്കള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. പക്ഷെ മറ്റൊരു പാര്‍ട്ടി രൂപവത്കരിക്കുകയോ ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യാത്തതിനാല്‍ സാങ്കേതികമായി ബി ജെ പി മുന്നണിയിലുള്ള ജനതാദളിന്റെ ഭാഗമായിരുന്നു സംസ്ഥാന ഘടകം.