കേരളത്തിന്റെ നന്മകളെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അപരവിദ്വേഷത്തിന്‍റെ ആശയങ്ങളില്‍ പ്രചോദിതരായ ഒരു സംഘം ആളുകള്‍ ആണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എറണാകുളത്ത് വെച്ച് നടന്ന നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ്ഗ കാമിനിയുടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ പരാമർശിച്ച് കേരളത്തിന്റെ മാനവിക മൂല്യം ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരം നന്മകളെ ഇകഴ്ത്തുന്ന പ്രവർത്തനങ്ങൾ സംഘപരിവാർ പോലുള്ള സംഘടനകൾ നടത്തുന്നതായി പറഞ്ഞു.നേപ്പാള്‍ സ്വദേശിനിക്ക് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച ചാത്തനൂര്‍ സ്വദേശി ഷിജിയുടെ ഹൃദയം ആണ് ദുര്‍ഗ്ഗാ കാമിനിക്ക് നല്‍കിയത്. ഒരു മലയാളിയാണ് ഹൃദയം നല്‍കിയത്. അതിന് നേതൃത്വം നല്‍കിയത് സര്‍ക്കാര്‍ ആശുപതിയിലെ മലയാളി ഡോക്ടര്‍മാര്‍. ഹൃദയവുമായി പറന്നത് സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍. ഹൃദയം മാറ്റി വെയ്ക്കേണ്ട വ്യക്തിയുടെ ഭാഷയോ മതമോ ലിംഗമോ രാജ്യമോ നോക്കിയാണോ നമ്മള്‍ ഇത് ചെയ്തത്. ഇതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മഹനീയത, സാഹോദര്യം, മാനവിക മൂല്യം, മനുഷ്യ സ്നേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ALSO READ: ‘കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നു; സംസ്ഥാനത്തെ തകർക്കാൻ ശ്രമം’: മുഖ്യമന്ത്രികേരളം അതിന്‍റെ സംസ്കാരം എടുത്ത് കാണിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നശീകരണ മനസുള്ളവര്‍ ആ നന്മയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ ബാഗേലിനെ വർഗീയവാദികൾ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ചില സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍.എസ്.എസ് അനുകൂല സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായതിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നു കയറ്റങ്ങളും വർഗീയതയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ജാഗ്രത കൂടുതല്‍ ശക്തമാക്കണം എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.The post നേപ്പാള് സ്വദേശിനിക്ക് ഹൃദയം നല്കിയത് മലയാളി; ഭാഷയോ മതമോ ലിംഗമോ രാജ്യമോ മാനദണ്ഡമല്ല, ഇതാണ് കേരളം ഉയര്ത്തിപ്പിടിക്കുന്ന മാനവിക മൂല്യം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.