കേരളത്തിന്‍റെ വികസന മാതൃകയെ തകര്‍ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം, ദേശീയപാതാ വികസനത്തിലും തുരങ്കംവച്ചു: മുഖ്യമന്ത്രി

Wait 5 sec.

കേരളത്തിന്‍റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും വമ്പിച്ച കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ നേടിയെടുത്ത പുരോഗതിയെ അപ്രസക്തമാക്കും വിധം അര്‍ഹമായ വിഹിതം നിഷേധിച്ചും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ വരിഞ്ഞുമുറുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനം ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ മാസങ്ങളായി കേന്ദ്രത്തിന്‍റെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം നടത്തുന്ന ഏകപക്ഷീയമായ തിരിച്ചുപിടിക്കലുകള്‍ സംസ്ഥാനത്തിന്‍റെ ബജറ്റ് ആസൂത്രണത്തെ തകിടം മറിക്കുന്നതാണ്. ഐജിഎസ്ടി (IGST) സെറ്റില്‍മെന്‍റിന്‍റെ പേരില്‍ 965.16 കോടി രൂപയാണ് മുന്‍കൂര്‍ വിനിയോഗം ക്രമീകരിച്ചു എന്ന സാങ്കേതിക ന്യായം പറഞ്ഞ് 2025 ഏപ്രിലില്‍ വെട്ടിക്കുറച്ചത്. കേരളത്തിന്റെ ധനപരമായ നിലയെ ഇത് കൂടുതല്‍ വഷളാക്കി. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 3.05 ശതമാനമായിരുന്ന കേരളത്തിന്‍റെ വിഹിതം പതിനഞ്ചാം കമ്മീഷന്‍ ആയപ്പോഴേക്കും 1.92 ശതമാനമായി കുറഞ്ഞു.നാല് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 45 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് അത് 25 മുതല്‍ 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. ആകെ റവന്യൂ വരുമാനത്തിന്‍റെ 70 മുതല്‍ 75 ശതമാനം വരെ സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരികയാണ്. കേരളം കൈവരിച്ച നേട്ടങ്ങളെ നമുക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിക്കാനുള്ള കാരണമായാണ് കേന്ദ്രം മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ: നേപ്പാള്‍ സ്വദേശിനിക്ക് ഹൃദയം നല്‍കിയത് മലയാളി; ഭാഷയോ മതമോ ലിംഗമോ രാജ്യമോ മാനദണ്ഡമല്ല, ഇതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യം: മുഖ്യമന്ത്രിഭരണഘടനയുടെ 293(3) വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നത്. കിഫ്ബി (KIIFB), സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (KSSPL) തുടങ്ങിയ ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുകയെ സംസ്ഥാനത്തിന്‍റെ പൊതുകടമായി കണക്കാക്കുകയാണ്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 3.4 ലക്ഷം കോടി രൂപയുടെ കടം കേന്ദ്രത്തിന്‍റെ കടത്തില്‍ കൂട്ടില്ലെന്ന് പറയുന്ന അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ കിഫ്ബിയുടെ വായ്പയുടെ പേരില്‍ നമ്മളെ വരിഞ്ഞു മുറുക്കുന്നത്.2025-26 വര്‍ഷത്തില്‍ മാത്രം 14,358 കോടി രൂപ വായ്പാ പരിധിയില്‍ നിന്നും കേന്ദ്രം ഇത്തരത്തില്‍ വെട്ടിക്കുറച്ചു. ഇതില്‍ കിഫ്ബി/പെന്‍ഷന്‍ കമ്പനി വായ്പകളുടെ പേരില്‍ കിഴിവ് ചെയ്ത 4,711 കോടിയുടെ അവസാന ഗഡുവും ഉള്‍പ്പെടുന്നുണ്ട്. ഇത്തരം നടപടികള്‍ സംസ്ഥാനത്തിന്‍റെ മൊത്തം വായ്പാ സാധ്യതയെയും ഗണ്യമായി പരിമിതപ്പെടുത്തി.ഗ്യാരണ്ടി റിഡംപ്ഷന്‍ ഫണ്ട് (GRF) കേരളം ഇതിനകം തന്നെ രൂപീകരിക്കുകയും 250 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതില്‍ അശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും കുടിശ്ശിക ആരോപിക്കുകയും ചെയ്ത് 3,323 കോടി രൂപ കൂടി ഈ വര്‍ഷത്തെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറച്ചു. റിസര്‍വ് ബാങ്ക് അഞ്ചു വര്‍ഷത്തെ കാലാവധി നല്‍കിയ ഒരു കാര്യത്തില്‍ ഇത്തരമൊരു വെട്ടിക്കുറയ്ക്കല്‍ നടത്തിയത് കേരളത്തിന്‍റെ വികസന മാതൃകയെ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി എസ്പിവികളുടെ ഓഫ് ബഡ്ജറ്റ് വായ്പകളുടെ പേരില്‍ 5,944 കോടി രൂപ കൂടി അധികമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലേക്ക് വായ്പ എടുക്കുന്നതിനായി 12,516 കോടി രൂപയ്ക്ക് അപേക്ഷ നല്‍കിയതില്‍ നിന്നും വെറും 5,636 കോടി രൂപയ്ക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത് എന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വെളിപ്പെടുത്തുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ദേശീയപാതാ വികസനത്തിലും കേരളം കാണിച്ച മാതൃകാപരമായ സമീപനത്തിൽ കേന്ദ്രം തുരങ്കംവച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനം വഹിക്കാന്‍ തയ്യാറായ രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇതിനായി അംഗീകരിച്ച 6,769 കോടിയില്‍ ഇതിനകം കൈമാറിയത് 5,580 കോടി രൂപയാണ്. എന്നാൽ ആ തുകയെയും നമ്മുടെ സാധാരണ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. നമ്മുടെ ഈ നിക്ഷേപത്തെ ‘വായ്പ’യായി കണ്ട് വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ വന്‍കിട വികസന പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ: ‘കേന്ദ്രസ‌ർക്കാർ കേരളത്തെ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നു; സംസ്ഥാനത്തെ തകർക്കാൻ ശ്രമം’: മുഖ്യമന്ത്രിപതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തുന്ന ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (GSDP) കണക്കെടുപ്പിലൂടെ 4,250 കോടി രൂപയുടെ അധിക വായ്പയ്ക്കുള്ള അര്‍ഹത കേരളത്തിന് നിഷേധിക്കപ്പെടുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത രീതിശാസ്ത്രം (Methodology) പ്രകാരം കേരളത്തിന്‍റെ എന്‍ബിസി (NBC-നെറ്റ് ബോറോയിംഗ് സീലിംഗ്) 44,126 കോടിയായിരിക്കേണ്ടിടത്ത് കേന്ദ്രം അത് 39,876 കോടിയായി പരിമിതപ്പെടുത്തി. ഇതിനു പുറമെ, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1877.58 കോടിയുടെ അധിക വായ്പ, അന്തിമ ജിഎസ്ഡിപി കണക്കുകള്‍ വരുന്നതിനു മുന്‍പേ തന്നെ 2024-25 ലെ പരിധിയില്‍ നിന്നും ക്രമീകരിച്ചു. ഇത്തരത്തില്‍ ഓരോ ഇനത്തിലും തുക വെട്ടിക്കുറയ്ക്കുമ്പോള്‍ കേരളം നേരിടുന്നത് ഒരു കൃത്യമായ സാമ്പത്തിക ഉപരോധമാണ്. കേന്ദ്രത്തിന്‍റെ ഈ നയം മൂലം മൊത്തത്തില്‍ 1,07,513 കോടി രൂപയുടെ വിഭവ നഷ്ടമാണ് കേരളത്തിന് സമീപകാലത്ത് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.The post കേരളത്തിന്‍റെ വികസന മാതൃകയെ തകര്‍ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം, ദേശീയപാതാ വികസനത്തിലും തുരങ്കംവച്ചു: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.