ഇന്ത്യൻ വനിതാ ആഭ്യന്തര ക്രിക്കറ്റിലെ മത്സരഫീസ് ബിസിസിഐ ഗണ്യമായി വർധിപ്പിച്ചു. ഇതോടെ ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെ പ്രതിഫലം പുരുഷ താരങ്ങളുടേതിന് ഏറെക്കുറെ സമാനമായ നിലയിലേക്ക് ഉയർന്നു. പുതുക്കിയ വേതന ഘടന പ്രകാരം, ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന വനിതാ താരങ്ങൾക്ക് പ്രതിദിനം 50,000 രൂപ വീതം ലഭിക്കും. റിസർവ് താരങ്ങൾക്ക് ഓരോ മത്സരത്തിനും 25,000 രൂപ നൽകും.ടി20 മത്സരങ്ങളിൽ പ്ലേയിംഗ് ഇലവൻ താരങ്ങൾക്ക് 25,000 രൂപയും, റിസർവ് താരങ്ങൾക്ക് 12,500 രൂപയുമാണ് പുതുക്കിയ ഫീസ്. ജൂനിയർ വനിതാ ആഭ്യന്തര ടൂർണമെന്റുകളിലും വേതന വർധനവ് നടപ്പാക്കും. ഏകദിനവും ടെസ്റ്റ് മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ട ജൂനിയർ താരങ്ങൾക്ക് 25,000 രൂപയും, റിസർവ് താരങ്ങൾക്ക് 12,500 രൂപയുമാണ് നൽകുക.ആഭ്യന്തര ക്രിക്കറ്റിലെ അമ്പയറുമാരുടെയും മാച്ച് റഫറിമാരുടെയും ഫീസും വർധിപ്പിക്കാൻ എപെക്‌സ് കൗൺസിൽ തീരുമാനിച്ചു. ലീഗ് മത്സരങ്ങളിൽ 40,000 രൂപയും, നോക്കൗട്ട് മത്സരങ്ങളിൽ 50,000 മുതൽ 60,000 രൂപ വരെ ഫീസും നൽകാനാണ് ശുപാർശ. ഈ വർധനവ് വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു..The post ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെ ഫീസ് വർധിപ്പിച്ചു appeared first on Kairali News | Kairali News Live.