മനാമ: മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തേണ്ടത് എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി. ബഹ്റൈന്‍ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിഎ ഹാളില്‍ ഒരുക്കിയ വിഎസ് അച്യുതാനന്ദന്‍ നഗരിയിലാണ് സമ്മേളനം നടന്നത്.കലാപ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്ന ഒരു സ്ഥിതി കഴിഞ്ഞ കുറച്ചു കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ദിവസം ഉണ്ടായ ഇടപെടലുകള്‍ അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. എല്ലാ കലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് ഭൗതികജീവിതത്തിലൂടെ ഉണ്ടാകുന്ന അഴുക്കുകള്‍ ശുദ്ധീകരിക്കുക എന്ന മഹത്തായ പ്രക്രിയകൂടെയാണ്.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്ന ശക്തികള്‍ പിടിമുറുക്കുന്ന ഈ കാലത്ത്, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മാനുഷികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടെ ആവശ്യമാണ്. എല്ലാവരെയും കൂട്ടിയിണക്കുന്ന ആശയങ്ങളുടെ ഐക്യമുന്നണിയാണ് സാംസ്ക്കാരിക രംഗത്ത് ഉയര്‍ന്നുവരേണ്ടത്.പ്രതിഭയുടെ സമ്മേളന നഗരിയില്‍ ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്ന് കാണുന്നത് അതുകൊണ്ട് തന്നെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സാംസ്കാരിക രംഗത്തെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കേണ്ടതുണ്ട്. അമ്പത്തിനാലാം ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈനെ ഇത്രയും പുരോഗതിയിലേക്ക് നയിച്ച ബഹ്റൈന്‍ ഭരണാധികാരികളെ അഭിനന്ദിക്കുകയാണ്.തയ്യല്‍ക്കാരനായും കയര്‍ ഫാക്ടറി തൊഴിലാളിയായും തുടങ്ങി ഒരു നാടിനെ, ജനതയെ അവരുടെ ജീവിതത്തെ പുരോഗമനപരമായി മുന്നോട്ട് നയിച്ച മഹാനായ ഭരണാധികാരിയായുമായി മാറി കേരളത്തിന്റെ സമരനായകനായി മാറിയ വിഎസ് അച്യുതാനന്തന്റെ നാമധേയത്തിലുള്ള നഗരിയിലാണ് പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം നടക്കുന്നത് എന്നത് ഏറെ സന്തോഷമുളവാക്കുന്നതാണ്. നാളിതുവരെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അയ്യായിരം വര്‍ഷങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന ഏതെങ്കിലും സംസ്ക്കാരത്തെ അടിസ്ഥാനപ്പെടുത്തിയല്ല അത് ഭാഷ, മനുഷ്യര്‍ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ് മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി കെവി മഹേഷിനെയും, ജനറല്‍ സെക്രട്ടറിയായി വികെ സുലേഷിനെയും, ട്രഷററായി നിഷ സതീഷിനെയും തെരെഞ്ഞെടുത്തു. അനില്‍ കെപി- മെമ്പര്‍ഷിപ്പ് സെക്രട്ടറി, നിരണ്‍ സുബ്രഹ്മണ്യന്‍, രഞ്ജിത്ത് കുന്നന്താനം- ജോയിന്റ് സെക്രട്ടറിമാര്‍, റീഗ പ്രദീപ്, ജയകുമാര്‍- വൈസ് പ്രസിഡന്റുമാര്‍, ഷിജു പിണറായി- കലാവിഭാഗം സെക്രട്ടറി, രാജേഷ് എംകെ- അസിസ്റ്റന്റ് മെമ്പര്‍ഷിപ്പ് സെക്രട്ടറി എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍.തെരെഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍- മിജോഷ് മൊറാഴ, സജീവന്‍ എം, സരിത മേലത്ത്, രഞ്ജു ഹരീഷ്, അനില്‍ സികെ, രാജേഷ് അറ്റാച്ചേരി, ജോഷി ഗുരുവായൂര്‍, ബാബു വിടി, രഞ്ജിത്ത് പൊന്‍കുന്നം, നുബിന്‍ അന്‍സാരി. സ്വാഗതസംഘം കണ്‍വീനര്‍ എന്‍വി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് പ്രസിഡന്റ് ബിനു മണ്ണില്‍ താല്‍ക്കാലിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രഞ്ജിത്ത് കുന്നന്താനം സാമ്പത്തിക റിപ്പോര്‍ട്ടും, സതീഷ് കെഎം ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, ഗിരീഷ് മോഹനന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, പി ശ്രീജിത്ത്, ഷീബ രാജീവന്‍, എന്‍കെ വീരമണി, മഹേഷ് യോഗീദാസ്, സതീഷ് കെഎം, എന്‍വി ലിവിന്‍ കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബിനു മണ്ണില്‍, മഹേഷ് കെവി, ഷീജ വീരമണി, നിഷ സതീഷ് എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. The post ബഹ്റൈന് പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം കരിവെള്ളൂര് മുരളി ഉദ്ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.