തിരുവനന്തപുരം | ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യത്തിന് വഴങ്ങാതെ വട്ടിയൂര്‍ക്കാവ് എം എല്‍ എ. വി കെ പ്രശാന്ത്. എന്തടിസ്ഥാനത്തിലാണ് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച പ്രശാന്ത്, കരാര്‍ കാലാവധി കഴിയും വരെ ഇവിടെ തുടരുമെന്ന് വ്യക്തമാക്കി. ശ്രീലേഖ സ്വീകരിച്ച രീതി ശരിയല്ലെന്ന് പ്രശാന്ത് സ്വകാര്യ ചാനലിനോട് സംസാരിക്കവെ പറഞ്ഞു.കൗണ്‍സിലര്‍ വിളിച്ച് എം എല്‍ എയോട് ഒഴിയാന്‍ പറയുന്നത് ശരിയാണോ. കൗണ്‍സില്‍ തീരുമാനം റദ്ദ് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചിട്ടില്ല. ഇത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തിയോ എന്ന് പരിശോധിക്കണമെന്നും പ്രശാന്ത് പ്രതികരിച്ചു.ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതിന്റെ കാലാവധി ബാക്കിയുണ്ട്.