യുക്രൈനിൽ വീണ്ടും റഷ്യൻവ്യോമാക്രമണം

Wait 5 sec.

കീവ് | മിയാമിയിൽ നടന്ന സമാ ധാന ചർച്ചകൾക്കു പിന്നാലെ യുക്രൈനിൽ വീണ്ടും റഷ്യയുടെ കനത്ത വ്യോമാക്രമണം. ഇന്നലെ പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് യുക്രൈനിലെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു.13 പ്രവിശ്യകളെ ലക്ഷ്യമിട്ട് റഷ്യ 30 മിസൈലുകളും 650 ഡ്രോണുകളുമാണ് പ്രയോഗിച്ചതെന്ന് പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി അറിയിച്ചു. സെൻട്രൽ ഷൈറ്റോമിർ മേഖലയിൽ നടന്ന ആക്രമണത്തിലാണ് നാല് വയസ്സുകാരനും മറ്റൊരാളും കൊല്ലപ്പെട്ടത്. കീവിന് പുറത്ത് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശൈത്യകാലത്ത് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റഷ്യ ഊർജ നിലയങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയത്.രാജ്യത്തെ ഊർജ ശൃംഖലക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചെർണിഹീവ്, ലിവിവ്, ഒഡേസ എന്നീ മേഖലകളിൽ അടിയന്തര വൈദ്യുതി നിയന്ത്രണമേർപ്പെടുത്തി. ഒഡേസയിൽ 120ലധികം കെട്ടിടങ്ങളും യാത്രാ കപ്പലുൾപ്പെടെ ഊർജ, തുറമുഖ അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ മേഖലകളിൽ ആക്രമണം കടുപ്പിച്ചതിനെത്തുടർന്ന് നാറ്റോ അംഗരാജ്യമായ പോളണ്ട് തങ്ങളുടെ യുദ്ധവിമാനങ്ങൾ സുരക്ഷക്കായി ആകാശത്ത് വിന്യസിച്ചു. റഷ്യക്കും പുടിനുമെതിരെ ലോകരാജ്യങ്ങൾ കൂടുതൽ സമ്മർദം ചെലുത്തേണ്ട സമയമാണിതെന്ന് സെലൻസ്‌കി എക്‌സിൽ കുറിച്ചു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ക്രിസ്മസ് വെടിനിർത്തൽ ആഹ്വാനത്തെ റഷ്യ കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞതിനു ശേഷം, അവധിക്കാലത്ത് മോസ്കോ വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സെലൻസ്‌കി മുന്നറിയിപ്പ് നൽകി. വ്യോമ പ്രതിരോധ ഉപകരണങ്ങൾ കുറവുള്ളതിനാൽ സൈന്യം നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.