ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കും; സിറ്റി പോലീസ് കമ്മീഷണര്‍

Wait 5 sec.

കൊച്ചി|ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഉണ്ടാക്കും. അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പ്രദേശത്ത് എക്‌സൈസും പ്രത്യേക പരിശോധനകള്‍ നടത്തും.പുതുവര്‍ഷ രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. പുതുവത്സര തലേന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഗതാഗതകുരുക്ക് അടക്കമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. റോഡരികിലെ പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയന്റ്‌സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.പുതുവത്സരാഘോഷത്തിന്റെ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ചുമതലക്കായി വിന്യസിക്കും. ഒപ്പം പത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതലയിലുണ്ടാകും.