സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്; നടന്‍ ജയസൂര്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Wait 5 sec.

കൊച്ചി|സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. നിലവില്‍ ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയെടുക്കുകയാണ് ഇഡി. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.2023 ജനുവരിയില്‍ സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. പ്രതിമാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍ നിന്ന് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.