കുത്തക മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടി; അമ്പരന്ന് ഇടതുകേന്ദ്രങ്ങള്‍

Wait 5 sec.

തിരുവനന്തപുരം | വലിയ പരാജയങ്ങളുണ്ടാവുമ്പോഴും ഉറച്ചു നിന്നിരുന്ന പാര്‍ട്ടി കോട്ടകളിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ അമ്പരന്ന് ഇടതുകേന്ദ്രങ്ങള്‍. ഭരണ-പാര്‍ട്ടി വിരുദ്ധ വികാരം അലയടിച്ച യു ഡി എഫ് തരംഗത്തില്‍ തകര്‍ന്ന് തരിപ്പണമായത് പാരമ്പര്യമായി ഇടതിനെ പിന്തുണച്ചിരുന്ന കോട്ടക്കൊത്തളങ്ങളാണ്. 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പറഞ്ഞ് മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ധര്‍മ്മടത്ത് ആദ്യ ഏഴ് റൗണ്ടുകളിലും പിന്നില്‍ പോയത് തരംഗത്തിന്റെ ആഘാതം പ്രകടമാക്കുന്നതാണ്. പതിനായിരങ്ങള്‍ ലീഡ് നല്‍കുന്ന മണ്ഡലങ്ങള്‍ പാര്‍ട്ടിക്കെതിരായി ചിന്തിച്ചതിന്റെ അമ്പരപ്പിലാണ് പാര്‍ട്ടി നേതൃത്വം. ചരിത്ര ഭൂരിപക്ഷം നല്‍കി കെ കെ ശൈലജയെ വിജയിപ്പിച്ച മട്ടന്നൂരില്‍ മത്സരിച്ച ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിയര്‍ത്താണ് ജയിച്ചത്. വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച് കല്യാശേരിയില്‍ മത്സരിച്ച എം വിജിന്‍ മണ്ഡലം രൂപവത്കരിച്ച ശേഷമുള്ള ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 18,433 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജിന്‍ നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് 44,393 വോട്ടായിരുന്നു. 1965 ല്‍ മണ്ഡലം രൂപവത്കരിച്ച കാലം മുതല്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്ന പയ്യന്നൂരിലും സി പി എമ്മിന് അടിതെറ്റി.പാര്‍ട്ടിയോട് കലഹിച്ച് പുറത്തുവന്ന സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്‍ യു ഡി എഫ് പിന്തുണയോടെ വിജയിച്ചപ്പോള്‍ തിരുത്തിയത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണ്. എം വി രാഘവനും പിണറായി വിജയനും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് ഈ തിരിച്ചടി. രക്തസാക്ഷി ഫണ്ട് തിരിമറിയും പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിലെ അഴിമതിയും ഉന്നയിച്ച് പാര്‍ട്ടിക്ക് പുറത്തുവന്ന കുഞ്ഞികൃഷ്ണനും പാര്‍ട്ടി സെക്രട്ടറിക്ക് പകരക്കാരിയായി ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥിയായ ടി കെ ഗോവിന്ദനും യു ഡി എഫ് പിന്തുണയോടെ വിജയിച്ചത് സി പി എമ്മിന് ഏല്‍പ്പിച്ച് പരുക്ക് ചെറുതല്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം അടിയുറച്ച് നിന്ന കോഴിക്കോട് ജില്ല നേരെ തിരിഞ്ഞപ്പോള്‍ ബേപ്പൂരില്‍ റിയാസിനൊഴികെ മറ്റാര്‍ക്കും വിജിയക്കാനായില്ല. എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പേരാമ്പ്രയും ഒപ്പം കുറ്റ്യാടിയും ബാലുശ്ശേരിയും തിരുവമ്പാടിയും നഗരത്തിലും രണ്ട് മണ്ഡലങ്ങളും ഇടതിന് മേല്‍ക്കൈ ലഭിച്ചിരുന്ന നാദാപുരവും തരംഗത്തില്‍ യു ഡി എഫിന് അനായാസ വിജയം നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടിന് ഇടതുപക്ഷത്തെ വിജയിപ്പിച്ച എലത്തൂര്‍ മണ്ഡലം ചെറുത്തുനില്‍പ്പ് പോലുമില്ലാതെയാണ് അടിയറവ് പറഞ്ഞത്. എല്ലാ കാലത്തും രണ്ട്-മൂന്ന് സീറ്റുകള്‍ ലഭിച്ചിരുന്ന മലപ്പുറവും എറണാകുളവും കോട്ടയവും ഇടുക്കിയും വയനാടും നിഷ്‌കരുണം തിരസ്‌കരിച്ചപ്പോള്‍ എല്‍ ഡി എഫിന് പ്രതിനിധികളില്ലാത്ത അഞ്ച് ജില്ലകളായി. കൊല്ലവും തിരുവനന്തപുരം പത്തനംതിട്ടയും യു ഡി എഫിനെ കൈയയച്ച് സഹായിച്ചപ്പോള്‍ ആലപ്പുഴ ഇടതിനെ പിന്തുണച്ചു.