മുഖ്യമന്ത്രി ചര്‍ച്ച; ഘടകകക്ഷികളുടെ അഭിപ്രായവും തേടുമെന്ന് ദീപാദാസ് മുന്‍ഷി

Wait 5 sec.

തിരുവനന്തപുരം | മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളുടെ അഭിപ്രായവും തേടുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും അവര്‍ പറഞ്ഞു.കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നുറപ്പാണ്. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളതെന്നും അവര്‍ വ്യക്തമാക്കി. 10 വര്‍ഷത്തിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലേറും. യു ഡി എഫ് ഭരണം പിടിച്ചാല്‍ തീരുമാനം അതിവേഗത്തിലാകും. യു ഡി എഫിന് അനുകൂലമാണ് കേരള ജനതയുടെ വിധിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിലടക്കമുള്ള കാര്യങ്ങള്‍ അതിവേഗത്തിലാകും. ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എം എല്‍ എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.കേരളത്തില്‍ 85നും 90 നുമിടയില്‍ സീറ്റുകളോടെ അധികാരത്തിലേറാമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എം പി, കര്‍ണ്ണാടക മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. നിയുക്ത എം എല്‍ എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഫലം വന്ന ശേഷം ഘടകകക്ഷികളുമായി ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിച്ച ശേഷമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക.