ഇംഫാൽ | മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിലും നീതിക്കും സർക്കാർ സഹായത്തിനുമുള്ള അഭ്യർഥനകളുമായി ഇരകളുടെ കുടുംബം. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കാണാതായ 30ലധികം പേരെ കുറിച്ച് ഇന്നും ഒരു വിവരവും ലഭിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്ത് സംഭവിച്ചെന്നറിയാനുള്ള കാത്തിരിപ്പ് അസഹനീയമാണെന്ന് കുടുംബങ്ങളുടെ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.അക്രമത്തിന്റെ തുടക്കത്തിൽ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോഴോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴോ ആണ് പലരെയും കാണാതായത്. ഇത് സംബന്ധിച്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സഹായത്തോടെ മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചിട്ടും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്നും കേസുകൾ വിസ്മരിക്കപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.നിയമ പ്രകാരം, ഒരാളെ കാണാതായി ഏഴ് വർഷത്തിന് ശേഷം മാത്രമേ ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിക്കാൻ കഴിയൂ. മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ, ദുരിതബാധിതരായ പല കുടുംബങ്ങൾക്കും സർക്കാർ പദ്ധതികൾ, നഷ്ടപരിഹാരം, വാഗ്ദാനം ചെയ്ത തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ നഷ്ടമാകുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂർ അതീവ ആശങ്കാജനകമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് മെയ്തേയ് സഖ്യം പ്രസ്താവനയിൽ പറഞ്ഞു. ജീവനും സ്വത്തിനും ഉപജീവനത്തിനും മതിയായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടത് അരക്ഷിതാവസ്ഥ വർധിപ്പിച്ചുവെന്നും ഇത് സ്വയം പ്രതിരോധത്തിനും ചില സമയങ്ങളിൽ തിരിച്ചടികൾക്കുമായി സംഘടിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.