കൊല്ലം | കൊല്ലത്ത് കടപുഴകി എല്‍ ഡി എഫ്. 11ല്‍ ഒമ്പത് സീറ്റിലും മുന്നണി തോറ്റു. 2021 ല്‍ ഒമ്പത് സീറ്റുമായി കളം നിറഞ്ഞ എല്‍ ഡി എഫിന് ഇക്കുറി രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുക്കുന്ന സ്ഥിതിയുമുണ്ടായി. യു ഡി എഫ് കൊടുങ്കാറ്റ് രണ്ട് മന്ത്രിമാരുടെ ദയനീയ പരാജയത്തിനും കാരണമായി.ജില്ലയില്‍ എല്‍ ഡി എഫ് ചരിത്രത്തിലില്ലാത്ത തോല്‍വിയാണ് നേരിട്ടത്. ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു. പുനലൂരിലും കൊട്ടാരക്കരയിലുമാണ് എല്‍ ഡി എഫ് വിജയിച്ചത്. പുനലൂരില്‍ സി പി ഐയുടെ സി അജയപ്രസാദ് 21,529ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാല്‍ ഐഷാപോറ്റിക്കെതിരേ ശക്തമായ മത്സരമാണ് നേരിട്ടത്. 1,072 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രി വിജയിച്ചത്. ആര്‍ എസ് പി മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും ആധികാരിക വിജയം നേടി. ഇരവിപുരവും ചവറയും കുന്നത്തൂരുമാണ് ആര്‍ എസ് പി ജയിച്ച് കയറിയത്. 25 വര്‍ഷമായി കുന്നത്തൂര്‍ എം എല്‍ എയായി തുടരുന്ന കോവൂര്‍ കുഞ്ഞുമോന്‍ പരാജയപ്പെട്ടത് 25,314 വോട്ടുകള്‍ക്കാണ്. ചാത്തന്നൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ 4,402 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.മന്ത്രി ജെ ചിഞ്ചുറാണി ഇടത് കോട്ടയായ ചടയമംഗലത്ത് ദയനീയ പരാജയമേറ്റ് വാങ്ങിയപ്പോള്‍ പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും അടിതെറ്റി. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല 8,310 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കൊല്ലത്ത് ബിന്ദുകൃഷ്്ണ 16,830 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കരുനാഗപ്പള്ളിയില്‍ യു ഡി എഫിന്റെ സി ആര്‍ മഹേഷ് 26,618 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍, ജില്ലയിലെ ഏറ്റവും കൂടുതല്‍ ലീഡായ 32,564 വോട്ടുകളമായി പി സി വിഷ്ണുനാഥ് കുണ്ടറയില്‍ ശ്രദ്ധേയനായി.