നയതന്ത്രം എന്ന വാക്ക് പിരിച്ചെഴുതിയാല്‍ നയം, തന്ത്രം എന്നീ രണ്ട് വാക്കുകളാണ് ലഭിക്കുക. നയം സമാധാനത്തെയും സംയമനത്തെയും വീണ്ടുവിചാരത്തെയും സൂചിപ്പിക്കുന്നു. എന്നാല്‍ തന്ത്രം, യുദ്ധം പോലെ തന്നെ അപകടകരമാണ്. അത് ഡിപ്ലമസിയെ വഞ്ചനാപരമാക്കി തീര്‍ക്കും. ചര്‍ച്ചാമേശകളെ ചൂടുപിടിച്ച ഇടങ്ങളാക്കി മാറ്റും. അങ്ങനെയാണ് “നയതന്ത്രയുദ്ധ’മുണ്ടാകുന്നത്. പശ്ചിമേഷ്യ ഇപ്പോള്‍ അത്തരമൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് കഴിഞ്ഞ ദിവസം പറഞ്ഞ പോലെ യുദ്ധത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്താനാകാതെ ഉഴലുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വശത്ത്.വെടിനിര്‍ത്തല്‍ നീട്ടിയും ഹോര്‍മുസില്‍ എടുത്തുചാട്ടത്തിന് മുതിരാതെയും വിറ്റ്‌കോഫിനെയും സ്വന്തം മരുമകന്‍ ജെയേര്‍ഡ് കുഷ്‌നറെയും ഇടക്കിടക്ക് പാകിസ്താനിലേക്കയച്ചും സംയമനത്തിന്റെ വഴി തേടുന്നുണ്ട് അദ്ദേഹം. എന്നാല്‍ നയപരമായ ഏത് നീക്കത്തെയും അടുത്ത നിമിഷം പൊളിക്കുന്ന ഭീഷണിയും അദ്ദേഹം നടത്തും. ഇറാനെ പാഠം പഠിപ്പിക്കും; ആക്രമണം പുനരാരംഭിക്കാന്‍ ഒരു മടിയുമില്ല; ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരാണ്, നേവല്‍ ബ്ലോക്കേഡ് ഞങ്ങള്‍ ആസ്വദിക്കുന്നു എന്നൊക്കെയാണ് ആ ഭീഷണികള്‍. യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്, എന്നാലത് നാണംകെട്ട പിന്‍മാറ്റമാകരുത്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍പ്പെട്ട് പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം നീളുകയാണ്.ട്രംപ് ഭരണകൂടത്തിന്റെ ആശയക്കുഴപ്പം മുഴുവന്‍ നിറച്ചുവെച്ച ഏറ്റവും പുതിയ രേഖയാണ് ഇറാന്‍ ആക്രമണം സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സിന് നല്‍കിയ കത്ത്. 1973ലെ “വാര്‍ പവേഴ്‌സ് റെസല്യൂഷന്‍’ പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാന്‍ യു എസ് കോണ്‍ഗ്രസ്സിന്റെ അനുമതി വേണം. ഈ കടമ്പ കടന്ന് യുദ്ധം നീളുന്നുവെന്ന് വന്നതോടെയാണ് ട്രംപ് കത്ത് തയ്യാറാക്കിയത്. ഇപ്പോള്‍ യുദ്ധം നടക്കുന്നില്ലെന്നും 60 ദിവസം പിന്നിട്ട് യുദ്ധം നീണ്ടിട്ടില്ലെന്നുമാണ് ട്രംപ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണിന് അയച്ച കത്തില്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെന്നും അതിനാല്‍ പോരാട്ടം അവസാനിച്ചുവെന്നുമാണ് വാദം. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇപ്പോഴും 50,000ത്തിലധികം അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇറാനില്‍ നിന്നുള്ള ഭീഷണി പൂര്‍ണമായും മാറിയിട്ടില്ലെന്നും കത്തില്‍ പറയുന്നു. സമാധാനം പുനഃസ്ഥാപിക്കാനാണ് മുന്‍ഗണനയെന്നും പറയുന്നുണ്ട്. ഇവിടെ രണ്ട് കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. ഒന്ന് അംഗബലത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഇരു സഭയിലും മുന്നിലായിട്ടും ട്രംപിന് ആത്മവിശ്വാസമില്ല എന്നതാണ്. യുദ്ധം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ്സിന് മുമ്പില്‍ വന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ട്രംപ് ഭയക്കുന്നുണ്ട്.അത്രമേല്‍ കൂപ്പുകുത്തിക്കിടക്കുകയാണ് ട്രംപിന്റെ പ്രതിച്ഛായ. വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 61 ശതമാനം പേരും ട്രംപിന്റെത് തോറ്റ യുദ്ധമാണെന്ന നിലപാടാണ് പങ്കുവെച്ചത്. ഇറാനെ ആക്രമിച്ചത് വമ്പന്‍ അബദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സര്‍വേ. ട്രംപിന് നേരെ നടന്ന വെടിവെപ്പിലും ഈ അതൃപ്തി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സംഘര്‍ഷം എത്രയും വേഗം നിര്‍ത്തണമെന്ന് തന്നെയാണ് യു എസിലെ തീവ്ര വലതുപക്ഷ യുക്തിക്കാര്‍ വരെ പറയുന്നത്. കത്തില്‍ നിന്ന് മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം യുദ്ധത്തിലാണെന്ന് പറയാനുള്ള ആത്മവിശ്വാസം ട്രംപിനില്ലെന്നതാണ്. എന്നാല്‍ സമാധാനം സാധ്യമായെന്ന് അവകാശപ്പെടാനുള്ള വസ്തുതകളും മുന്നിലില്ല. ഇസ്‌റാഈല്‍ ഇപ്പോഴും ലബനാനെ ആക്രമിക്കുകയാണ്. നാവിക ഉപരോധം യു എസ് സൈന്യം തുടരുന്നുണ്ട്. സൈനിക സന്നാഹം ശക്തമാക്കുകയല്ലാതെ പിന്‍വലിച്ചിട്ടുമില്ല. ചുരുക്കത്തില്‍, ഭരണപരമായ കുറുക്കുവഴിയാണ് ഈ കത്ത്. അതിനുമപ്പുറം അത് ട്രംപിന്റെ നിസ്സഹായാവസ്ഥ കൂടി പ്രതിഫലിപ്പിക്കുന്നു.അതേസമയം, ഇറാന്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. സംഘര്‍ഷം സമ്പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് ഇറാന്‍ വെച്ച 14 ഇന സമാധാന നിര്‍ദേശങ്ങള്‍ ഇതിന് തെളിവാണ്. പാക് മാധ്യസ്ഥ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ട്രംപ് പറയുമ്പോഴും ചര്‍ച്ചാമേശക്ക് മുന്നിലേക്ക് അവ എത്താനുള്ള സാധ്യത കുറവാണെന്നും അഥവാ എത്തിയാല്‍ തന്നെ ട്രംപ് ഉടക്കുവെക്കുമെന്നും ഉറപ്പാണ്. ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും സമീപ മേഖലകളില്‍ നിന്നും യു എസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ഈ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനം. വെടിനിര്‍ത്തലല്ല, സമ്പൂര്‍ണ ആക്രമണവിരാമമാണ് വേണ്ടത്. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നാവിക ഉപരോധങ്ങളും നീക്കണം. വിവിധ രാജ്യങ്ങളിലായി മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുകൊടുക്കണം. ഉപരോധങ്ങള്‍ മൂലവും സൈനിക നടപടികള്‍ മൂലവും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് യു എസ് നഷ്ടപരിഹാരം നല്‍കണം. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് പുതിയ സുരക്ഷാ സംവിധാനം വേണം. ഭാവിയില്‍ ഇറാനു നേരെ സൈനിക നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കണം. ലബനാന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സംഘര്‍ഷം അവസാനിപ്പിക്കണം. ഇങ്ങനെ പോകുന്നു ഇറാന്റെ പുതിയ നിര്‍ദേശങ്ങള്‍. ഇതില്‍ പലതും ഇറാന്‍ നേരത്തേ മുന്നോട്ടുവെച്ചവയാണ്. ആണവ വിഷയത്തിലേക്ക് ചര്‍ച്ച വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനെ പ്രതിരോധിക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. പകരം അത് ഹോര്‍മുസിലേക്കും ഇപ്പോഴുണ്ടായ സംഘര്‍ഷത്തിലേക്കും കൊണ്ടുവരുന്നു. കൃത്യമായ കരുനീക്കമാണിത്. നയവും തന്ത്രവും സമം ചേര്‍ത്ത ചടുല നീക്കം. ഇറാന്റെ പുതിയ നിര്‍ദേശങ്ങളെ സംശയത്തോടെയാണ് താന്‍ കാണുന്നതെന്ന് ട്രംപ് പ്രതികരിച്ചത് വെറുതെയല്ല.സംഘര്‍ഷത്തിന് മുമ്പ് നിര്‍ബാധം കപ്പലുകള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന സുരക്ഷിത ജലപാതയായ ഹോര്‍മുസിനെ സംഘര്‍ഷ മേഖലയാക്കി തീര്‍ത്തുവെന്നതാണ് യു എസ്, ഇസ്‌റാഈല്‍ സംയുക്ത സൈനിക നീക്കത്തിന്റെ ഏറ്റവും ഭീകരമായ ഫലം. ഇത് ഇറാന് വലിയ “അവസരം’ തുറന്ന് നല്‍കി. വലിയ ആയുധപ്രയോഗങ്ങളില്ലാതെ തന്നെ എതിരാളികളെ ഒറ്റപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.തങ്ങളുടെ നേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളിയവരെ ലോകത്തിന് മുന്നില്‍ നിസ്സഹായരാക്കി മാറ്റാന്‍ ഹോര്‍മുസ് ഇറാനെ സഹായിച്ചു. നാറ്റോയുമായുള്ള യു എസിന്റെ ബന്ധം വഷളായി. യൂറോപ്യന്‍ യൂനിയന്‍ ഇടഞ്ഞു. അറബ് രാജ്യങ്ങള്‍ക്കും പഴയ മമതയില്ല. ഹോര്‍മുസിന്റെ ഭാവിയെന്ന അജന്‍ഡയില്ലാത്ത ഒരു ചര്‍ച്ചയും ഇനി സാധ്യമല്ലെന്ന സ്ഥിതി വന്നു. ഇറാന് ഇത്രമേല്‍ വിലപേശല്‍ ശക്തി നല്‍കിയതിന്റെ ജാള്യം മറയ്ക്കാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കായി പ്രഖ്യാപിച്ച ആയുധ ഇടപാടുകള്‍ മതിയാകില്ല. അടിയന്തര സാഹചര്യമുണ്ടെന്നവകാശപ്പെട്ട് യു എസ് കോണ്‍ഗ്രസ്സിന്റെ പരിശോധനകള്‍ ഒഴിവാക്കിയാണ് ആയുധവില്‍പ്പന. ഏകദേശം 8.6 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയത്. ഇസ്‌റാഈലിനും കുവൈത്തിനും ഖത്വറിനും യു എ ഇക്കും ആയുധം വില്‍ക്കും. ആയുധക്കച്ചവടമാണ് ഈ സംഘര്‍ഷത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. സംഘര്‍ഷം അവസാനിച്ചാലും ശത്രുത അവസാനിക്കരുതെന്ന ദുഷ്ടലാക്ക്!