കെ. സുധാകരൻ എംപി നടത്തിയ അക്രമ ആഹ്വാനത്തെ ശക്തമായി അപലപിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. സുധാകരന്റെ വാക്കുകൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.എസ്എഫ്ഐ പ്രവർത്തകരുടെ കാല് തല്ലിയൊടിക്കണം എന്ന് കെ. സുധാകരൻ പറയുന്നതിനെ കുറിച്ചാണ് ചർച്ച ഉയർന്നത്. നാളത്തെ ആക്രമണത്തിൽ ഒരു മൂന്ന് ആളുടെയെങ്കിലും കാല് തല്ലിയൊടിക്കണം എന്ന് കൃത്യമായ എണ്ണം പോലും സുധാകരൻ പറഞ്ഞു കൊടുക്കുന്നുണ്ട്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകിയ നേതാവാണ് സുധാകരൻ. എന്നാൽ 80 വയസ്സ് അടുക്കുമ്പോഴെങ്കിലും അല്പമെങ്കിലും വിവേകവും പക്വതയും കാണിക്കുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.സുധാകരന്റെ വായിൽ നിന്ന് ഇതല്ലാതെ മറ്റെന്താണ് കേരളത്തിന് പ്രതീക്ഷിക്കാൻ കഴിയുക എന്ന് ശിവപ്രസാദ് ചോദിച്ചു. വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറി കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ ‘എന്റെ കുട്ടികളാണ്’ എന്ന് പറഞ്ഞ് ചേർത്തുപിടിച്ച് സംരക്ഷണം നൽകിയ നേതാവാണ് കെ. സുധാകരൻ.കേരളത്തിലെ ക്യാമ്പസുകളിൽ കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ലഭിച്ച അഭൂതപൂർവ്വമായ വിജയത്തെ വിദ്യാർത്ഥികൾ നൽകിയ അംഗീകാരമായി കാണുന്നു. എന്നാൽ, ഈ അംഗീകാരത്തിന്റെ പേരിൽ കേരളത്തിനകത്ത് കോൺഗ്രസിന് ഹാലിളകിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കുന്നതിനോടും എസ്എഫ്ഐയുടെ അനുഭാവികളായി മാറുന്നതിനോടും എസ്എഫ്ഐയെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കുന്നതിനോടുമുള്ള ഭയത്തിൽ നിന്നാണ് ഈ അക്രമ ആഹ്വാനം ഉണ്ടാകുന്നത്.ALSO READ: ‘ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് ആധിപത്യം ലഭിച്ചാൽ കേരളം തകരും, ബിജെപിയ്ക്ക് നൽകുന്ന ഓരോ വോട്ടും കേരള തനിമയെ തകർക്കും’; മുഖ്യമന്ത്രിഇത് കെ എസ് യുക്കാർ മാത്രം ആസൂത്രണം ചെയ്യുന്നതല്ല എന്ന് എസ്എഫ്ഐ നേതൃത്വം പല ആവർത്തി പറഞ്ഞിട്ടുള്ളതാണ്. എസ്എഫ്ഐ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 12-ഓളം വിദ്യാർത്ഥി സഖാക്കളെ കെ എസ് യുക്കാരും യൂത്ത് കോൺഗ്രസുകാരും കോൺഗ്രസുകാരും ഐഎൻടിയുസിക്കാരും ചേർന്ന് കൊലപ്പെടുത്തിയിട്ടുണ്ട്. ഈ കൊലപാതകങ്ങളുടെ ആസൂത്രണ കേന്ദ്രം കേരളത്തിലെ കോൺഗ്രസ് നേതൃത്വം തന്നെയായിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.എസ്എഫ്ഐക്കാരായാൽ ക്യാമ്പസിനകത്ത് വന്നാൽ സംഘടനാ പ്രവർത്തനം നടത്തിയാൽ കാല് തല്ലിയൊടിക്കണം എന്നാണ് കെ. സുധാകരൻ പറയുന്നത്. കേരളത്തിലെ ക്യാമ്പസുകൾക്കകത്ത് കെ എസ് യുവിന്റെ ഭാഗമായി സംഘടനാ പ്രവർത്തനം നടത്താൻ പോകുന്നവരുടെ കയ്യിലേക്ക് ആയുധം വെച്ചുകൊടുക്കുകയാണ് ഇദ്ദേഹം പ്രഖ്യാപിക്കുന്നതെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി. കത്തിയും വടിവാളും കമ്പിപ്പാരയുമായി നാളെ ക്യാമ്പസിൽ പോണം, എസ്എഫ്ഐക്കാരനെ തല്ലിയടിക്കണം എന്ന് ആവേശത്തോടെയാണ് സുധാകരൻ ആഹ്വാനം ചെയ്യുന്നത്. കെ എസ് യുവിലേക്ക് പോകുന്ന കുഞ്ഞുങ്ങളെ നാളെ ആയുധവും എടുത്ത് പുറത്തേക്ക് ഇറങ്ങുന്ന ഒരു ക്വട്ടേഷൻ സംഘം ആക്കും എന്നല്ലേ തെളിയിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.യഥാർത്ഥത്തിൽ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒന്നും ചെയ്യാനില്ലാത്ത കോൺഗ്രസ്, അക്രമങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ സ്ഥിതിയിൽ മാറ്റം വരുത്താൻ കഴിയുമോ എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്. അവർ വിദ്യാർത്ഥികളെ കരുവാക്കുകയാണ്. പ്രസക്തമായ രാഷ്ട്രീയ മുദ്രാവാക്യമോ സമരമോ നടത്താനില്ലാത്ത കോൺഗ്രസ് നേതൃത്വം കേരളത്തിൽ ആസൂത്രിതമായി അക്രമം നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന് താൻ ഗൗരവത്തോടെ പറയുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. വടകരയിലും പേരാമ്പ്രയിലും കണ്ട അക്രമ സംഭവങ്ങളുടെ മാതൃകയിൽ കേരളത്തിലെ ക്യാമ്പസുകളിലും ഗ്രാമപ്രദേശങ്ങളിലും നഗര കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസ്, കെഎസ്യു ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.“ഇനി കേരളത്തിനകത്ത് ഇവർ ഇതുപോലെയുള്ള അക്രമ പരമ്പരകൾ അഴിച്ചുവിടുവാൻ വേണ്ടി പോവുകയാണ്, പൊതുസമൂഹം നല്ല ജാഗ്രതയോടുകൂടി ഇരിക്കണം,” എന്ന് ശിവപ്രസാദ് അഭ്യർത്ഥിച്ചു. കത്തി കൊടുത്തുവിടുന്നവരും വിദ്യാർത്ഥികളാണ്, അവർക്കും രക്ഷിതാക്കളുണ്ട്. കെ എസ് യു ആയി എന്ന ഒരൊറ്റ തെറ്റിന്റെ പേരിൽ അവരുടെ കയ്യിലേക്ക് കത്തിയും കുറുവാളും വാക്കത്തിയും എല്ലാം കൊടുത്ത് മറ്റുള്ളവരുടെ കാലു തല്ലിയൊടിക്കണം, കഴുത്ത് വെട്ടണം എന്നൊക്കെ പറഞ്ഞു വിടുമ്പോൾ, അവർക്കും കുടുംബമുണ്ട് എന്ന ചിന്തയെങ്കിലും ഒരു മുതിർന്ന കോൺഗ്രസ് നേതാവിന് ഉണ്ടാവണം. കോൺഗ്രസ് നേതൃത്വം എന്താണ് എന്ന് ഈ വാചകങ്ങളിലൂടെ പൊതുസമൂഹം തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘കെ. സുധാകരന്റെ വാക്കുകൾ കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനുള്ള ആഹ്വാനം; കെ എസ് യുവിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ നാളെ ആയുധമെടുത്ത് ഇറങ്ങുന്ന ക്വട്ടേഷൻ സംഘമാക്കും എന്നല്ലേയിത് തെളിയിക്കുന്നത്’: എം. ശിവപ്രസാദ് appeared first on Kairali News | Kairali News Live.