ആർത്തവകാലത്തെ ഭയാനകത

Wait 5 sec.

ജറൂസലം | ഇസ്‌റാഈൽ ബോംബുകൾക്കും ഷെല്ലുകൾക്കുമിടയിലെ ഫലസ്തീൻ പെൺകുട്ടികളുടെ അതിജീവനം സമാനതകളില്ലാത്തത്. ശാരീരികവും വൈകാരികവുമായ മാറ്റത്തിന്റെ അവസ്ഥയിലേക്ക് എത്തുന്ന പെൺകുട്ടികൾക്ക് ഒന്നിനും മാതാവിന്റെയോ സഹോദരികളുടെയോ സാന്നിധ്യം പോലും ലഭ്യമാകുന്നില്ല. പലരുടെയും ഉറ്റവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ജീവകാരുണ്യ സംഘടനകൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സാധനങ്ങൾ എത്തിച്ചുനൽകാനുമാകുന്നില്ല.സാനിറ്ററി നാപ്കിനുകളുടെ ലഭ്യതക്കുറവ് ടെന്റ് ക്യാമ്പുകളിലെ സ്ത്രീകൾ നേരിടുന്നതിന്റെ വാർത്തകൾ പലകുറി വന്നതാണ്. ഉടുത്തുമാറാൻ പോലും മറ്റൊരു വസ്ത്രമില്ലാത്തവർ, സാനിറ്ററി നാപ്കിനായി പഴയ തുണിക്കഷ്ണങ്ങളും കടലാസുകളും വരെ ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ഗസ്സയിലെ ക്യാമ്പുകളിൽ. കുളിക്കാൻ വെള്ളമോ വൃത്തിയാക്കാൻ സോപ്പോ മറ്റു ശുചിത്വ ഉത്പന്നങ്ങളോ ലഭിക്കാത്ത അവസ്ഥ.ആർത്തവ സമയത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ ഗുളികകൾ ഗസ്സയിലെ സ്ത്രീകൾ ഉപയോഗിക്കാറുണ്ടെന്ന് നേരത്തേ ജീവകാരുണ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. ഉപരോധത്തിന്റെ ചങ്ങലയിൽ ഗസ്സയെ ഇസ്‌റാഈൽ വരിഞ്ഞുമുറുക്കിയപ്പോൾ ഭക്ഷണത്തിന് പുറമെ ശുചിത്വ ഉത്പന്നങ്ങളും ലഭിക്കാതെ ഗസ്സയിലെ പെൺകുട്ടികളും ഉമ്മമാരും അനുഭവിക്കുന്ന പ്രയാസങ്ങൾ മാനസികാഘാതത്തിലേക്ക് അവരെ തള്ളിവിട്ടു. ആർത്തവ സമയത്തെ കഠിനമായ വയറുവേദന ശമിപ്പിക്കാൻ പോലും ഒന്നുമില്ല. ക്ലിനിക്കുകളും ആശുപത്രികളും തകർക്കപ്പെട്ടതോടെ കഠിനമായ വേദന കടിച്ചമർത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഗസ്സാ നഗരത്തിൽ നിന്ന് കുടിയിറക്കപ്പെട്ട ഉമ്മു ഇബ്‌റാഹീം പറഞ്ഞു.