ഗസ്സയില്‍ വെടിയൊച്ച നില്‍ക്കുമെന്നും അവിടെയുള്ള കുഞ്ഞുങ്ങള്‍ വയറു നിറച്ചുണ്ണുമെന്നും അവരുടെ മുറിവുകളില്‍ മരുന്നു പുരട്ടാനുള്ള ആശുപത്രികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും കടലില്‍ നിന്നും ഏത് നിമിഷവും വരാനിടയുള്ള ആക്രമണത്തെ ഭയക്കാതെ അവര്‍ക്ക് സ്വന്തം മണ്ണില്‍ നടക്കാനാകുമെന്നും പ്രതീക്ഷയുണര്‍ത്തുന്നതാണ് ഇപ്പോള്‍ ചുറ്റും നിറയുന്ന വാര്‍ത്തകള്‍. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന നിര്‍ദേശങ്ങളില്‍ ചിലത് ഹമാസ് അംഗീകരിച്ചിരിക്കുന്നു. ബാക്കിയുള്ളവയില്‍ ചര്‍ച്ചയാകാമെന്ന് അമേരിക്കയും സമ്മതിച്ചിരിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ നരകതുല്യമായ ആക്രമണം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ എന്ന് ഹമാസിനെതിരെ ഭീഷണി മുഴക്കിയ ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും മരുമകന്‍ ജെയേര്‍ഡ് കുഷ്‌നറെയും തുടര്‍ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചുവെന്നത് ചെറിയ കാര്യമല്ല.ഏകപക്ഷീയമായ ഉത്തരവുകള്‍ മാത്രം ശീലിച്ച ടീം ട്രംപിനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നുവെന്നത് ഫലസ്തീനികളുടെ വിജയമാണ്. അതേസമയം, ഒരിക്കലും അംഗീകരിക്കാനാകാത്ത നിര്‍ദേശങ്ങളടങ്ങിയ ട്രംപ് പ്ലാനില്‍ ഭാഗിക സമ്മതത്തിലേക്ക് ഹമാസിനെ കൊണ്ടുചെന്നെത്തിച്ച കെണിയൊരുക്കാന്‍ യു എസ്, ഇസ്‌റാഈല്‍ കൂട്ടുകെട്ടിന് സാധിച്ചു. ഇപ്പോള്‍ ഹമാസ് എതിര്‍ത്താല്‍ വരാനിരിക്കുന്ന ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം അവരില്‍ കെട്ടിവെക്കാനായിരുന്നു നീക്കം.ഈജിപ്തിലെ ശറം അല്‍ശൈഖില്‍ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചര്‍ച്ചകളില്‍ അറബ് മാധ്യസ്ഥ്യ രാജ്യങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ട്രംപ് പ്ലീനിനെ സ്വാഗതം ചെയ്തിരിക്കുന്നു. അതിനര്‍ഥം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതി യഥാര്‍ഥ സമാധാനത്തിലേക്കുള്ള റോഡ് മാപ്പാണെന്നല്ല. ഫലസ്തീന്‍ ജനതയുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണെന്നും പറയാനാകില്ല. ഇസ്‌റാഈലിനെതിരെ ലോകത്താകെയുയരുന്ന അതിശക്തമായ വികാരം മറികടക്കാനുള്ള തന്ത്രം ഈ ഇരുപതിന പദ്ധതിയിലുടനീളം കാണാനാകും. ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും അനുവദിച്ചു കൊടുക്കില്ലെന്ന് ഈയടുത്തും പ്രഖ്യാപിച്ചയാളാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ഗസ്സയിലെ മനുഷ്യര്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞും പരിമിതമായ ദുരിതാശ്വാസ വിതരണം പോലും സ്വന്തം ഏജന്‍സിയെ വെച്ച് അട്ടിമറിക്കുകയും ചെയ്തവരാണ് സയണിസ്റ്റ് രാഷ്ട്രം. സഹായവുമായി വന്ന കപ്പല്‍ക്കൂട്ടത്തെ ആക്രമിച്ച് തടസ്സപ്പെടുത്തി ലോകപ്രസിദ്ധ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ഈ സംഘര്‍ഷത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍ മാധ്യസ്ഥ്യം വഹിച്ച ഖത്വറിനെ ആക്രമിച്ച് കടുത്ത ധാര്‍ഷ്ട്യം പ്രസരിപ്പിച്ചു ജൂതരാഷ്ട്രം. ഇതാമിര്‍ ബെന്‍ ഗിവിര്‍, ബസലേല്‍ സ്‌മോട്രിച്ച് പോലെ നെതന്യാഹു മന്ത്രിസഭയിലെ ഉന്നതര്‍ ഇപ്പോഴും അഭിനവ നാസികളായി ആക്രോശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സയണിസ്റ്റ് സംഘം ട്രംപിന്റെ ഇരുപതിന പ്ലാന്‍ അംഗീകരിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം അതിന്റെ പക്ഷപാതിത്വം എങ്ങോട്ടാണെന്ന്.ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയുടെ ഭരണത്തില്‍ നിന്ന് ഹമാസിനെ പൂര്‍ണമായി ഇറക്കിവിടുക, ആ പ്രദേശത്തിന്റെ ഭരണം യു എസിന്റെ മുന്‍കൈയില്‍ രൂപപ്പെടുന്ന സംവിധാനത്തെ ഏല്‍പ്പിക്കുക, സുരക്ഷാ ചുമതല അന്താരാഷ്ട്ര സുരക്ഷാ സേനക്ക് നല്‍കുക തുടങ്ങിയ വ്യവസ്ഥകള്‍ എഴുതിക്കൊടുത്തത് നെതന്യാഹുവിന്റെ വാര്‍ ക്യാബിനറ്റാണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ഗസ്സയെ റിയല്‍ എസ്റ്റേറ്റ് ബൊണാന്‍സയായി മാത്രം കാണുന്ന, അവിടെയുള്ള ജനതയുടെ ആത്മാഭിമാനത്തിന് പുല്ലുവില കല്‍പ്പിക്കാത്ത സയണിസ്റ്റ്- യു എസ് കൂട്ടുകെട്ടിന്റെ കുടില ലക്ഷ്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത് തന്നെയാണ് ഈ നിര്‍ദേശങ്ങള്‍.അപ്പോഴും ഹ്രസ്വകാല സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കുന്നുണ്ട് ഈ പ്ലാനെന്ന് കാണേണ്ടിയിരിക്കുന്നു. ഇരുപക്ഷവും അംഗീകരിക്കുന്നതോടെ ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവന്‍ ബന്ദികളെയും വിട്ടുകൊടുക്കണം. പകരം ഇസ്‌റാഈല്‍ ജയിലുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പേരെയും വിചാരണ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന 1,700 ഗസ്സക്കാരെയും ഇസ്‌റാഈല്‍ മോചിപ്പിക്കും. ഇരുപക്ഷത്തിന്റെയും കസ്റ്റഡിയിലുള്ള ഭൗതിക ശരീരങ്ങളും കൈമാറണം. ഇതോടെ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമാകും. ഇസ്‌റാഈല്‍ പ്രതിരോധ സേന ഗസ്സയില്‍ നിന്ന് പിന്‍വാങ്ങും. ദുരിതാശ്വാസ പ്രവാഹം തടസ്സമില്ലാത്ത നിലയില്‍ ആരംഭിക്കും. ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിലെ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പാക്കും. ചരിത്രത്തിലൊരിടത്തും സമാനതയില്ലാത്ത മരണവും വിശപ്പും പലായനവും ഭയവും അനുഭവിച്ച ഗസ്സാ ജനത, ഹ്രസ്വകാലത്തേക്കെന്ന് ബോധ്യമുണ്ടായിട്ടും ഈ നീക്കുപോക്കുകളെ സ്വാഗതം ചെയ്യുന്നു. അതില്‍ ആശ്വസിക്കുന്നു.ദീര്‍ഘകാല പരിഹാരങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല ഈ പ്ലാന്‍. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് ഒരക്ഷരമില്ല. ഇസ്‌റാഈല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പിന്‍വാങ്ങുന്നതും ട്രംപിന്റെ വിഷയമല്ല. ഇസ്‌റാഈല്‍ സ്ഥാപിച്ചത് മുതല്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീനിലെ മനുഷ്യരും അവരുടെ പിന്‍മുറക്കാരും വിവിധ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. അവരെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരാതെ ഏത് പരിഹാരമാണ് അര്‍ഥവത്താകുക? 70,000ത്തിലേറെ വരുന്ന മനുഷ്യരുടെ മരണത്തിനും ആ ജനതയാകെ അനുഭവിച്ച ദുരിതത്തിനും തകര്‍ന്നടിഞ്ഞ വീടുകള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ആര് സമാധാനം പറയും? ഈ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ടേ? സമാധാന പ്രതീക്ഷകള്‍ ഉണരുമ്പോഴും ട്രംപിന്റെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് ഗസ്സയില്‍ കുരുതി തുടരുകയാണ് ഇസ്‌റാഈല്‍. സയണിസ്റ്റ് രാഷ്ട്രത്തിന്റെ ചരിത്രം തന്നെ കരാര്‍ ലംഘനങ്ങളുടേതാണ്. അതുകൊണ്ട് വെടിനിര്‍ത്തല്‍ പാലിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. ഈ ധാരണ പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ എന്ത് സംവിധാനമുണ്ട്? ഈ മാസം പത്തിന് നൊബേല്‍ സമാധാന സമ്മാനം പ്രഖ്യാപിക്കും വരെയുള്ള ആവേശമേ ട്രംപിനുണ്ടാകുകയുള്ളൂവെന്ന് ആര്‍ക്കാണറിയാത്തത്.