വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ മുഖ്യമന്ത്രിയെ അറിയിച്ചു

Wait 5 sec.

തിരുവനന്തപുരം | കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താല്‍ക്കാലിക നടപടി മാത്രമാണെന്നും വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും.ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതു സംബന്ധിച്ചു നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.വിമാന ഷെഡ്യൂളുകള്‍ കുറയുന്നത് ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.