കുവൈത്തില്‍ ജനുവരി-ഒക്ടോബര്‍ കാലയളവില്‍ നാടുകടത്തിയത് 29,000ത്തിനടുത്ത് പ്രവാസികളെ

Wait 5 sec.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിനുള്ളില്‍ വിവിധ രാജ്യക്കാരായ 28,984 പ്രവാസികളെ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു. താമസ നിയമലംഘനം, ഒളിച്ചോട്ടം എന്നീ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവരില്‍ അധികപേരും. ഇതിനു പുറമേ യാചകര്‍, പൊതു താത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ തുടങ്ങിയവ കൈവശം വച്ചവരും ഉപയോഗിക്കുന്നവരും, നിയമ വിരുദ്ധ കുടിയേറ്റക്കാരായി ജോലി ചെയ്യുന്നവര്‍, സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.ഇവരെ സ്വന്തം രാജ്യത്തേക്ക് അയക്കുന്നതിനുള്ള ടിക്കറ്റ് സ്‌പോണ്‍സറോ അല്ലെങ്കില്‍ യാത്രക്കാരന്‍ തനിച്ചോ ആണ് നല്‍കേണ്ടത്. അല്ലാത്തപക്ഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ചെലവില്‍ ഇവരെ നാട്ടിലേക്ക് കയറ്റിയയക്കുകയും പിന്നീട് തുക സ്‌പോണ്‍സറില്‍ നിന്നും ഈടാക്കുകയും ചെയ്യും. പിടിക്കപ്പെടുന്നവരുടെ നാടുകടത്തല്‍ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്. അതേസമയം, നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്ന, യാത്രാരേഖകള്‍ കൈയിലുള്ളവരെ മൂന്നുദിവസത്തിനകം നാട്ടിലേക്ക് കയറ്റി അയക്കുന്നുണ്ട്.ചില എംബസികള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് യാത്ര രേഖകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയിലാണ് പൂര്‍ത്തിയാക്കുന്നത്. ഇതിനുപുറമേ കോടതി വിചാരണകളില്‍ പങ്കെടുക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് കാരണങ്ങളാലും ചില കേസുകളില്‍ നാടുകടത്തല്‍ വൈകുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് സുരക്ഷാ പരിശോധന അധികൃതര്‍ കര്‍ശനമായി നടത്തുകയാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നുണ്ടായാലും ശക്തമായി നേരിടുമെന്നാണ് മുന്നറിയിപ്പ്.