ഗസ്സ സിറ്റി| യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്റാഈൽ ബോംബിംഗ് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും, ഗസ്സയിൽ ആക്രമണം നിർഭാതം തുടർന്ന് ഇസ്റാഈൽ. ഇന്നലെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 70 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇസ്റാഈൽ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ 20-പോയിൻ്റ് പദ്ധതിയിലെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ആക്രമണം തുടരുന്നത്.ശനിയാഴ്ച നടന്ന ബോംബിംഗുകളിലും വ്യോമാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരിൽ 45 പേരെങ്കിലും പട്ടിണി രൂക്ഷമായ ഗസ്സ സിറ്റിയിൽ നിന്നുള്ളവരാണ്. ഇവിടെ ഇസ്റാഈൽ സൈന്യം ആഴ്ചകളായി ആക്രമണം ശക്തമാക്കുകയും, ഏകദേശം 10 ലക്ഷം ആളുകളെ തിരക്ക് നിറഞ്ഞ തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.ഗസ്സ സിറ്റിയിലെ തുഫാ പരിസരത്തുള്ള ഒരു താമസസ്ഥലത്ത് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ അടുത്തുള്ള നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ, കൊല്ലപ്പെട്ടവരിൽ രണ്ടു മാസം മുതൽ എട്ടു വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികൾ ഉൾപ്പെടുന്നുണ്ടെന്ന് ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.തെക്കൻ ഗസ്സയിലെ അൽ-മവാസിയിലുള്ള അഭയാർത്ഥി ക്യാമ്പിന് നേരെയും ഇസ്റാഈൽ സൈന്യം ലക്ഷ്യമിട്ടു. ഇവിടെ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും കുറഞ്ഞത് എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫലസ്തീൻ കുടുംബങ്ങളോട് ഇസ്റാഈൽ സൈന്യം ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ച ‘സുരക്ഷിത മാനുഷിക മേഖല’ (safe humanitarian zone) ആണ് അൽ-മവാസി. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളിലും മാസങ്ങളിലുമായി ഈ പ്രദേശം ആവർത്തിച്ച് ആക്രമിക്കപ്പെടുന്നുണ്ട്.മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണങ്ങൾ ഉണ്ടായി.“ഈ ഫലസ്തീനികൾക്കെല്ലാം ചികിത്സ നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ല,” വടക്കൻ മേഖലയിൽ കടുത്ത ഇന്ധനക്ഷാമത്തിനിടയിലും പ്രവർത്തിക്കുന്ന ചുരുക്കം ചില ചികിത്സാ കേന്ദ്രങ്ങളെക്കുറിച്ച് അൽ ജസീറയുടെ ഹിന്ദ് ഖുദരി റിപ്പോർട്ട് ചെയ്തു.നിലവിലെ സാഹചര്യം ഒരു തരത്തിലുമുള്ള വെടിനിർത്തലും നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.