ഗസ്സയുടെ കടൽത്തീരം. ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും കിനാവ് കണ്ടാണ് ഒന്പത് വയസ്സുള്ള പെൺകുട്ടി ബനിയാസ് ഇവിടെ കാത്തിരിക്കുന്നത്. എന്തിനാണ് എല്ലാ ദിവസവും ഈ കടൽ ത്തീരത്ത് വന്ന്, കടലിലേക്ക് നോക്കിയിരിക്കുന്നത് എന്ന് അൽ ജസീറയുടെ മാധ്യമ പ്രവർത്തക ബനിയാസിനോട് ചോദിക്കുമ്പോൾ അവൾ പറയുന്നത് ഇങ്ങനെ: “എനിക്ക് ഭക്ഷണം വേണം. വെള്ളം വേണം. എന്റെ ഉമ്മയും ഉപ്പയും എന്നോടൊപ്പം ഇല്ല. എല്ലാവരും മരിച്ചു. എനിക്ക് ചോക്ലേറ്റ് വേണം. കളിപ്പാട്ടങ്ങൾ വേണം. ഞങ്ങൾക്ക് വേണ്ടതെല്ലാം വഹിച്ച് ഗ്ലോബൽ ഫ്ലോട്ടില്ല ഇവിടേക്ക് വരുന്നുണ്ട്. ഞാൻ അവരെ കാത്തിരിക്കുകയാണ്.’പട്ടിണി കിടക്കുന്ന, ദുരിതം പേറി ജീവിക്കുന്ന ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ ലക്ഷ്യം വെച്ച് കടൽ മാർഗം പുറപ്പെട്ട ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ല മൂവ്മെന്റിലെ കപ്പലുകൾ കാത്തിരുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാളാണ് ബനിയാസ്. ഫലസ്തീനിലേക്ക് സഹായം എത്താതിരിക്കാൻ ഇസ്്റാഈൽ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ വിവിധ രാഷ്ട്രങ്ങളിൽ നിന്ന് സഹായങ്ങളുമായി കടൽമാർഗം യാത്രതിരിച്ച കപ്പലുകളാണ് ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ല.ഭക്ഷണം, മരുന്ന്, സഞ്ചാര സ്വാതന്ത്ര്യം, വെള്ളം, വായു, അഭയം… ഏതൊരു മനുഷ്യന്റെയും നിലനിൽപ്പിനാവശ്യമായ ആറ് അടിസ്ഥാനകാര്യങ്ങൾ. ഇക്കാര്യങ്ങൾ മറ്റാരേക്കാളും ഇപ്പോൾ ആവശ്യമുള്ള ജനതയാണ് ഫലസ്തീനിൽ നരകയാതന അനുഭവിക്കുന്നത്.കഴിഞ്ഞ 23 മാസമായി ഈ മനുഷ്യർ എല്ലാം നിഷേധിക്കപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട്, ഇസ്്റാഈലിന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിസ്സഹായരായി കഴിയുകയാണ്. അമേരിക്ക ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ശക്തമായ ചില സർക്കാറുകളുടെ പിന്തുണയുള്ള ഈ മനുഷ്യക്കുരുതി ഗസ്സയിലെ ജനങ്ങളുടെ അതിജീവനത്തിനുള്ള അടിസ്ഥാന ആവശ്യങ്ങൾ കവർന്നെടുക്കുന്നത് ലോകം ഭീതിയോടെയാണ് കണ്ടത്. ഫലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപരോധം മറികടന്ന് പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ എത്തിക്കാൻ ഫ്ലോട്ടില്ല സംഘത്തിന് സാധിക്കും. ഇതാണ് ഗ്ലോബൽ സ്വുമുദ് ഫ്ലോട്ടില്ലയുടെ ദൗത്യം.ഇസ്റാഈൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ വിവിധ രാഷ്ട്രങ്ങളിൽ പല രീതികളിൽ പ്രതിഷേധങ്ങൾ നടന്നു. മാർച്ചുകൾ നടത്തി. ശബ്ദമുയർത്തി, ഇസ്റാഈൽ ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ചു. എന്നാൽ ഇസ്്റാഈലിന്റെ ഉപരോധം തടയാനും തത്സമയം നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാനും ലോക സർക്കാറുകളെ സമ്മർദത്തിലാക്കാൻ ഫ്ലോട്ടില്ല മുന്നേറ്റത്തിന് സാധിച്ചു എന്നതാണ് ഈ ദൗത്യസംഘം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരെ വഹിച്ചുകൊണ്ട് 44 ചെറിയ കപ്പലുകളാണ് കടൽ മാർഗം ഗസ്സയിലേക്ക് പുറപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗ്രേറ്റ തൻബർഗ് തുടങ്ങിവെച്ച ഫ്ലോട്ടില്ല മൂവ്മെന്റ് ഫലസ്തീൻ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുന്നേറിയത്.ഫ്രീ ഫലസ്തീൻ എന്ന ആവശ്യമാണ് ഈ യാത്രാ സംഘം യാത്രയിലുടനീളം മുന്നോട്ടുവെച്ചത്. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങളുമായാണ് ഫ്ലോട്ടില്ല കപ്പലുകൾ പ്രയാണം നടത്തിയത്. അതുകൊണ്ട് തന്നെ ലോകത്തുടനീളം ഈ മുന്നേറ്റത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. ഉപരോധിക്കപ്പെട്ട ഗസ്സയിലെ മനുഷ്യരെ സഹായിക്കാനുള്ള മാനുഷിക, സഹായത്തിന്റെ പ്രതീകാത്മകമായ ഈ മുന്നേറ്റം പ്രധാനമായും ഭക്ഷണവും മരുന്നും കുട്ടികൾക്കുള്ള ടോയ്‌സുമെല്ലാം വഹിച്ചാണ് തീരമണയാനുള്ള ശ്രമം നടത്തിയത്. അതും ഇസ്റാഈലിന്റെ ഡ്രോൺ ആക്രമണങ്ങൾക്കിടയിലൂടെ.ലോകത്തെ അറിയപ്പെട്ട കലാകാരന്മാർ, പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, യുവ താരങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പെടെ ഈ യാത്രാ സംഘത്തിലുണ്ട്. ഗസ്സയുടെ തീരമണയുന്നതിന് മുമ്പ് എല്ലാ കപ്പലുകളെയും ഇസ്്റാഈൽ സൈന്യം തടഞ്ഞു. ഇസ്്റാഈലിന്റെ ഉപരോധം തകർത്ത് ഏറ്റവും വലിയ സഹായ ദൗത്യങ്ങളിലൊന്നായ ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ലയുടെ ഭാഗമായി ഗസ്സയിലേക്ക് യാത്ര തിരിച്ച അവസാന കപ്പലായ മാരിനെറ്റിനെ ഇസ്്റാഈലിൽ സൈന്യം കഴിഞ്ഞ ദിവസം തടഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 500 ഓളം പ്രവർത്തകരെ വഹിച്ചുകൊണ്ട് മുന്നേറിയ സിവിലിയൻ ബോട്ടുകൾ ഉൾക്കൊള്ളുന്ന ഫ്ലോട്ടില്ല ബുധനാഴ്ച വൈകിട്ടാണ് ആദ്യം തടഞ്ഞത്. ബോട്ടുകളിൽ കടന്നാക്രമിക്കുകയും സന്നദ്ധപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്്റാഈലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെ, ആറ് പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഫ്ലോട്ടില്ലയുടെ അവസാനത്തെ കപ്പലും ഇസ്്റാഈലിൽ തടഞ്ഞു. പോളിഷ് പതാക ഉയർത്തിക്കെട്ടിയ മാരിനെറ്റിലേക്ക് ഇസ്്റാഈലിൽ സൈന്യം ബലപ്രയോഗം നടത്തി അതിക്രമിച്ചു കയറുന്ന തത്സമയ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലോട്ടില്ല സംഘാടകർ എക്‌സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ: “ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ലയുടെ അവസാനത്തെ ബോട്ടായ മാരിനെറ്റ്, പ്രാദേശിക സമയം രാവിലെ 10:29ന് ഗസ്സയിൽ നിന്ന് ഏകദേശം 42.5 നോട്ടിക്കൽ മൈൽ അകലെ ഇസ്്റാഈൽ തടഞ്ഞുനിർത്തി.’അറസ്റ്റിലായവരിൽ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബർഗ്, ബാഴ്‌സലോണ മുൻ മേയർ അഡാ കൊളാവു, യൂറോപ്യൻ പാർലിമെന്റ്അംഗം റിമ ഹസ്സൻ എന്നിവരും ഉൾപ്പെടുന്നു. ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ലയിൽ നിന്നുള്ള തടവുകാരിൽ ചിലർ ഇസ്റാഈൽ സൈന്യം കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് നിരാഹാര സമരം ആരംഭിച്ചതായി ഇന്റർനാഷനൽ കമ്മിറ്റി ടു ബ്രേക്ക് ദി സീജ് ഓഫ് ഗസ്സ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2007ൽ ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ ഫലസ്തീൻ ജനതയെ ഇസ്റാഈൽ പൂർണമായും ഒറ്റപ്പെടുത്തുകയും അവശ്യസാധനങ്ങൾ ഉൾപ്പെടെ അവിടേക്ക് എത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അന്നുമുതൽ ഗസ്സയിലെ ജനങ്ങൾ വലിയതോതിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. വിവിധ ഘട്ടങ്ങളിൽ നടന്ന ആക്രമണങ്ങൾ. മുഴുപട്ടിണി. അപ്പോഴും ഇവിടേക്കുള്ള ഭക്ഷണം, അവശ്യസാധനങ്ങൾ, സഹായങ്ങൾ എന്നിവയുമായുള്ള പ്രവേശനം ഇസ്റാഈലിന്റെ കർശന നിയന്ത്രണത്തിലാണ്.ഈ നിയന്ത്രണം മറികടന്നാണ് കടൽ മാർഗം ഗ്ലോബൽ ഫ്ലോട്ടില്ല മൂവ്മെന്റ്അവശ്യസാധനങ്ങൾ ഗസ്സയുടെ തീരത്തേക്ക് എത്തിക്കാനുള്ള കഠിന പ്രയത്നം നടത്തിയത്. സ്വന്തം ജീവൻ പോലും നോക്കാതെ വിവിധ രാഷ്ട്രങ്ങളിൽ നിന്ന് പ്രതീക്ഷയുടെ ഈ വഞ്ചികളിൽ യാത്ര പുറപ്പെടാൻ തയ്യാറായ ഈ മഹാ മനുഷ്യർ അന്തർദേശീയ തലത്തിൽ ഫലസ്തീൻ സ്വതന്ത്രമാക്കാനുള്ള വലിയ മുന്നേറ്റത്തിന് ശക്തിപകർന്നിരിക്കുകയാണ്. ഫ്ലോട്ടില്ല സംഘത്തെ തടഞ്ഞതോടെ വിവിധ രാഷ്ട്രങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഇസ്്റാഈൽ വലിയ സമ്മർദത്തിലാണ്. ഗ്ലോബൽ ഫ്ലോട്ടില്ല ദൗത്യം വീണ്ടും ആരംഭിക്കാൻ പോവുകയാണ് സംഘാടകർ. 26,000 പേർ വിവിധ രാഷ്ട്രങ്ങളിൽ നിന്നായി ഇതിനകം അടുത്ത രക്ഷാദൗത്യത്തിനായി അപേക്ഷിച്ചതായി ഫോട്ടില്ല സംഘാടകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചുകഴിഞ്ഞു.സ്പെയിനിൽ നിന്ന് 30 പേരും ഇറ്റലിയിൽ നിന്ന് 22 പേരും തുർക്കിയയിൽ നിന്ന് 21 പേരും മലേഷ്യയിൽ നിന്ന് 12 പേരും ഉൾപ്പെടെ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഫ്ലോട്ടില്ല വക്താവ് സെയ്ഫ് അബുകഷെക് യാത്രക്കിടെ ചെയ്ത വീഡിയോയിലൂടെ പറയുകയുണ്ടായി. അവർ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച്, പാട്ടുപാടി, ഇസ്്റാഈൽ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയപ്പോൾ സംഭവിച്ചത് മുമ്പെങ്ങുമില്ലാത്ത വിധം ഫലസ്തീൻ അനുകൂല കൂട്ടായ്മകൾ രൂപപ്പെട്ടു എന്നതാണ്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഫ്ലോട്ടില്ലയെ പിന്തുണച്ചു മുന്നോട്ട് വന്ന വിവിധ കൂട്ടായ്മകൾ ഫലസ്തീൻ മണ്ണിൽ ഇസ്്റാഈൽ നടത്തിവരുന്ന വംശഹത്യക്കെതിരെ പരസ്യമായി രംഗത്ത് വന്നു. ഈ കപ്പൽ ദൗത്യ സംഘത്തെ പിന്തുണച്ചു സമൂഹ മാധ്യമങ്ങളിലും വലിയ കൂട്ടായ്മകളുണ്ടായി. പൊതുവേ, ഫലസ്തീൻ വിമോചന മുന്നേറ്റങ്ങൾക്ക് ഇതെല്ലാം വലിയ ശക്തി പകർന്നു.ലോകത്തുടനീളമുള്ള വിദ്യാർഥികൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, അക്കാദമീഷ്യന്മാർ, സാംസ്കാരിക പ്രവർത്തകർ തെരുവിലിറങ്ങി. പുതു തലമുറയിലെ വലിയൊരു വിഭാഗം ഫ്ലോട്ടില്ല ദൗത്യത്തെ പിന്തുണച്ചു രംഗത്ത് വന്നു. ഈ രൂപത്തിൽ ഫ്ലോട്ടില്ലയുടെ യാത്ര ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഈ അർഥത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ നിരവധി ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞു ഗ്ലോബൽ സ്വുമൂദ് ഫ്ലോട്ടില്ല. ഇനിയും കപ്പലുകൾ യാത്ര തിരിക്കും. അപ്പോഴും ഗസ്സയുടെ തീരത്ത് ചോക്ലേറ്റും കളിപ്പാട്ടങ്ങളും കാത്ത് കുഞ്ഞുങ്ങൾ കടലിലേക്ക് കണ്ണും നട്ടിരിക്കും. അവസാനം ഒരു നാൾ, എല്ലാ ഉപരോധങ്ങളും മറികടന്ന് ഈ കപ്പലുകൾ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരും. കാരണം, ഈ കപ്പലുകളിൽ കയറിയിരിക്കുന്നത് ലോകം മുഴുവനുമുള്ള നല്ല മനുഷ്യരുടെ മനസ്സാണ്. അവരുടെ പ്രതീക്ഷകളാണ്..