ഗസ്സ സിറ്റി| ഗസ്സാ മുനമ്പിലാകെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ തകർക്കപ്പെട്ടത് നിരവധി മസ്ജിദുകൾ. 80 ശതമാനത്തിലധികം മസ്ജിദുകൾ പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. ഇമാമുമാരും മതപണ്ഡിതരുമായ 225 പേരെ കൊലപ്പെടുത്തി. 2023 ഒക്‌ടോബർ ഏഴിന് ശേഷമുള്ള ആക്രമണങ്ങളിൽ ഗസ്സയിലെ നിരവധി ചരിത്ര പ്രാധാന്യമുള്ള മസ്ജിദുകളാണ് ലക്ഷ്യം വെച്ചത്.ഗസ്സയിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ ഗ്രേറ്റ് ഉമരി മസ്ജിദ് അടക്കം തകർക്കപ്പെട്ടു. 1,400 വർഷം പഴക്കമുള്ള പള്ളിയുടെ മിനാരം ഷെൽ ആക്രമണത്തിൽ തരിപ്പണമായി. സയ്യിദ് അൽ ഹാശിം മസ്ജിദ്, കാതിബ് അൽ വിലായ മസ്ജിദ് തുടങ്ങി നിരവധി പള്ളികൾ നശിപ്പിക്കപ്പെട്ടു.ക്രിസ്ത്യൻ പള്ളികളും ഇസ്‌റാഈൽ ലക്ഷ്യം വെച്ചിട്ടുണ്ട്. ഗസ്സയിലെ ഏറ്റവും പഴക്കമേറിയ സെന്റ് പോർഫിറസ് ചർച്ച്, ഫ്രാൻസിസ് മാർപാപ്പക്ക് ഏറെ ബന്ധമുണ്ടായിരുന്ന ഹോളി ഫാമിലി ചർച്ചും ആക്രമിക്കപ്പെട്ടിട്ടുണ്ട്.