കൈറോ | ഗസ്സാ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇസ്‌റാഈലും ഹമാസും പരോക്ഷ ചര്‍ച്ചകള്‍ തുടങ്ങി. ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ശറം അല്‍ ശൈഖിലാണ് ചര്‍ച്ചക്ക് ആരംഭം കുറിച്ചിരിക്കുന്നത്. ഇസ്‌റാഈലും ഹമാസും ബന്ദികളാക്കിയവരെ പരസ്പരം കൈമാറുന്നതിന് അവസരമൊരുക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളെന്ന് ഈജിപ്ത് ഇന്റലിജന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട അല്‍-ഖഹേര ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഈജിപ്ത്, ഖത്വര്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയിലാണ് ചര്‍ച്ച നടന്നത്.അടുത്തിടെ ദോഹയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഖലീല്‍ അല്‍ ഹയ്യയാണ് ഹമാസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പ് ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ഹയ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഈജിപ്തിലെ ഒരു സുരക്ഷാ വക്താവ് വെളിപ്പെടുത്തി. ചര്‍ച്ചകള്‍ ദിവസങ്ങളോളം നീണ്ടേക്കുമെന്ന് ഹമാസുമായി അടുത്ത ബന്ധമുള്ള ഒരു ഫലസ്തീന്‍ വക്താവ് പറഞ്ഞു. എന്നാല്‍, അത് പ്രയാസകരവും സങ്കീര്‍ണവുമായിരിക്കുമെന്ന്, സൈനിക നടപടികള്‍ തുടരാനുള്ള ഇസ്‌റാഈല്‍ നീക്കങ്ങളെ ചൂണ്ടിക്കാട്ടി വക്താവ് മുന്നറിയിപ്പു നല്‍കി.പരസ്പര ആക്രമണം അവസാനിപ്പിക്കുന്നതിനും വിശാലാര്‍ഥത്തിലുള്ള സമാധാന പ്രക്രിയ ആരംഭിക്കുന്നതിനുമുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഹമാസിന്റെ നിരായുധീകരണം, ഗസ്സായില്‍ നിന്നുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിന്മാറ്റം, ബന്ദികളുടെ മോചനം, മേഖലയുടെ രാഷ്ട്രീയ പരിവര്‍ത്തനം തുടങ്ങിയവ ട്രംപ് നിര്‍ദേശിച്ച് പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രംപിന്റെ നിര്‍ദേശങ്ങളോട് ഇരുകൂട്ടരും ക്രിയാത്മകമായാണ് പ്രതികരിച്ചിട്ടുള്ളതെങ്കിലും നിരായുധീകരണത്തിന് ഹമാസോ ഗസ്സായില്‍ നിന്നുള്ള പൂര്‍ണ പിന്മാറ്റത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവോ തയ്യാറല്ല.ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈന്യം ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവി ലെഫ്. ജനറല്‍ ഇയാല്‍ സാമിര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി ഗസ്സാ സിവില്‍ പ്രതിരോധ ഏജന്‍സി വെളിപ്പെടുത്തി.