ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായി നടക്കും. ഇതുവരെ നടന്നതില്‍ വച് നല്ല രീതിയില്‍ ആയിരിക്കും ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.ആദ്യഘട്ടം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 17ഉം രണ്ടാംഘട്ടം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 20 ഉം ആണ്. വോട്ടെണ്ണല്‍ നവംബര്‍14ന് നടക്കും. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍പട്ടിക പുറത്തുവിട്ടിരുന്നു. കരട് പട്ടികയില്‍ അവകാശങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ ആവശ്യമായ സമയവും നല്‍കിയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയും പുറത്തുവിട്ടു. ആരുടെയെങ്കിലും പേരുകള്‍ ഒഴിവാക്കപ്പെട്ടെങ്കില്‍ അവര്‍ക്ക് നാമനിര്‍ദേശം നല്‍കുന്നതിന് 10 ദിവസം മുന്‍പ് സമീപിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ബിഹാറില്‍ 7.43 കോടി ആകെ വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 90,712 ആകെ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും. പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാത്തരത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പോളിംഗ് സ്റ്റേഷനുകള്‍ ഗ്രൗണ്ട് ഫ്‌ളോറുകളില്‍ തന്നെയായിരിക്കും. വൊളണ്ടിയര്‍മാരെയും വീല്‍ചെയര്‍ സംവിധാനങ്ങളും ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. അക്രമങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദേഹം വ്യക്തമാക്കി. പോളിങ് സ്റ്റേഷനുകളില്‍ സി ആര്‍ പി എഫ് സംഘത്തെയും വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.പോളിംഗ് സ്റ്റേഷന് പുറത്ത് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ 1,200 വോട്ടര്‍മാര്‍ എന്ന രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് നീണ്ട ക്യു ഒഴിവാക്കാന്‍ കഴിയും. പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 100 മീറ്റര്‍ അകലെ ആയിരിക്കും പാര്‍ട്ടി ബൂത്തുകള്‍ക്ക് അനുമതി. കൂടാതെ ബി എല്‍ ഒമാരുമായി ബന്ധപ്പെടാന്‍ പ്രത്യേക വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. 1950 എന്നതാണ് വോട്ടര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍. മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 11 ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കും.